All Categories

Uploaded at 1 day ago | Date: 03/09/2025 20:33:42

ആരോഗ്യം

ഓണ സദ്യയുടെ ആയുർവേദം*

ഉത്സാഹത്തിന്റെയും ആവേശത്തിന്റെയും ഉത്സവമാണ് ഓണം. നമ്മുടെ സമ്പന്നമായ പാചക പൈതൃകത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഓണം. പരമ്പരാഗത വിരുന്നായ സദ്യ കൂടാതെ ഓണം അപൂർണ്ണമാണ്. സദ്യ വെറുമൊരു ഭക്ഷണമല്ല. ത്രിദോഷ സന്തുലിതാവസ്ഥയുടെയും ധാതുപോഷണത്തിന്റെയും ശാരീരിക മാനസിക ഐക്യത്തിന്റെയും സാമൂഹിക ഒരുമയുടെയും ആയുർവേദ തത്ത്വങ്ങൾ ഉൾക്കൊള്ളുന്ന സാംസ്കാരികവും ആത്മീയവുമായ ഒരു അനുഭവമാണ് ഓണസദ്യ. 
 ശരീരത്തെ നിയന്ത്രിക്കുന്ന വാത, പിത്ത, കഫ ദോഷങ്ങളുടെ പ്രത്യേക ഗുണങ്ങളെയും അവയുടെ അസന്തുലിതാവസ്ഥകളെ ഇല്ലാതാക്കാനും കഴിയുന്ന രീതിയിലാണ് വൈവിധ്യമാർന്ന വിഭവങ്ങളിലൂടെ  ഓണ സദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ആയുർവേദ പാചകരീതിയിൽ, ആറ് രുചികൾക്കും (മധുരം, പുളി, ഉപ്പ്, കയ്പ്പ്, എരിവ്, ചവർപ്പ്) ശരീരത്തെയും മനസ്സിനെയും ബാധിക്കുന്ന പ്രത്യേക ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഓരോ സമ്പൂർണ്ണ ഭക്ഷണത്തിലും ആറ് രസങ്ങൾ അടങ്ങിയിരിക്കണമെന്ന് ആയുർവേദം അനുശാസിക്കുന്നു. സദ്യ ഈ സംയോജനം അനായാസമായി നിർവഹിക്കുന്നു. മധുരം, വാത പിത്ത ദോഷങ്ങളെ ശമിപ്പിക്കുന്നു. പുളി കഫ, പിത്തദോഷങ്ങളുടെ പ്രവർത്തനം കൂട്ടുകയും വാതത്തെ ശമിപ്പിക്കുകയും ചെയ്യും. ഉപ്പുരസമാകട്ടെ വാതത്തെ നിയന്ത്രിക്കുന്നു, കഫ പിത്ത രസങ്ങളുടെ പ്രവർത്തനങ്ങളെ കൂട്ടുന്നു. എരിവ് വാതപിത്തങ്ങളെ വർധിപ്പിക്കുകയും കഫത്തെ ശമിപ്പിക്കുകയും ചെയ്യുന്നു. കയ്പുരസം വാതത്തെ വർധിപ്പിക്കുന്നു, പിത്തകഫങ്ങളെ ശമിപ്പിക്കുന്നു. ചവർപ്പു രസം വാതപ്രവർത്തനങ്ങൾ കൂട്ടുകയും കഫപിത്തങ്ങളുടെ പ്രവർത്തനങ്ങൾ കുറക്കുകയും ചെയ്യുന്നു.
സദ്യ, പോഷകസമൃദ്ധമായ ഒരു ഭക്ഷണ സ്രോതസ്സ് കൂടിയാണ്. വിവിധ വിഭവങ്ങൾ വിറ്റാമിനുകളുടെയും ധാതുക്കളുടെയും നാരുകളുടെയും സമ്പന്നമായ സാന്നിധ്യമുളളവയാണ്. മോര് പിത്ത ദോഷത്തെ സന്തുലിതമാക്കുന്നു, ഉഷ്ണ വീര്യമുളള സുഗന്ധവ്യഞ്ജനങ്ങൾ വാത ദോഷ സ്ഥിരത ഉറപ്പാക്കുന്നു. മഞ്ഞൾ, ഉലുവ, ജീരകം, ഇഞ്ചി, മല്ലി തുടങ്ങിയ ഔഷധസസ്യങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും ഉപയോഗം കൊണ്ട് ആന്റിഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും സമൃദ്ധി ശരീരത്തിനു ലഭിക്കുന്നു. നാരുകൾ അടങ്ങിയ വിവിധയിനം പച്ചക്കറികളും പുളിപ്പിച്ച മോരും (മോര്/സംഭാരം) ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു. ഭക്ഷണത്തിൽ മൃഗ ഉൽപ്പന്നങ്ങളോ സംസ്കരിച്ച വിഭവങ്ങളോ ധാരാളമായി ഉപയോഗിക്കുന്നില്ല. അരി, പയർ, പച്ചക്കറികൾ, തേങ്ങ എന്നിവ ഏറ്റവും മിതമായ അളവിൽ മാത്രം ചേർക്കുന്നു. സാവധാനം പാകം ചെയ്യുന്നതിനാൽ പോഷകങ്ങൾ നഷ്ടപ്പെടുന്നുമില്ല.
വിഭവസമൃദ്ധമായ ഒരു ഓണസദ്യ വഴി ശരീരത്തിലെത്തുന്നത് ഏതാണ്ട് 2115 കിലോ കലോറിയാണ്. ഒരു വ്യക്തിക്ക് പ്രതിദിനം ആവശ്യമായത് ഏകദേശം 2000 മുതൽ 3000 കലോറിയാണ്.  ഉപ്പേരി (കായ വറുത്തത്) 4 എണ്ണം - 60 ശർക്കരവരട്ടി 4 എണ്ണം – 120, പഴം ഒന്ന് (ഞാലിപ്പൂവൻ പാളയംകോടൻ)- 60 , തോരൻ (കാബേജ്, കാരറ്റ് ) 3 ടേബിൾ സ്പൂൺ - 60, ഇഞ്ചിക്കറി: ഒരു ടേബിൾ സ്പൂൺ - 50, അച്ചാർ  ഒരു ടീസ്പൂൺ (നാരങ്ങ, മാങ്ങ )- 20,പച്ചടി ഒരു ടേബിൾസ്പൂൺ - 60, കിച്ചടി 2 ടേബിൾ സ്പൂൺ - 60, കൂട്ടുകറി  2 ടേബിൾ സ്പൂൺ- 120, അവിയൽ: ഒരു കപ്പ് 200, ഓലൻ 2 ടേബിൾ സ്പൂൺ - 80 , ചോറ് (കുത്തരി) ഒന്നര കപ്പ് - 270 , പരിപ്പ് 2 ടീസ്പൂൺ - 40 , നെയ്യ് ഒരു ടീസ്പൂൺ - 45 , പപ്പടം രണ്ടെണ്ണം - 160 , സാമ്പാർ: ഒരു കപ്പ് - 80 , കാളൻ  അരക്കപ്പ് – 60, രസം ഒരു കപ്പ് - 30 , പായസം  പാൽ പായസം - ഒരു കപ്പ് -260, ശർക്കര പായസം - ഒരു കപ്പ് 240 ,മോര് : ഒരു കപ്പ്- 40 എന്നിങ്ങനെയാണ് കണക്കാക്കപ്പെടുന്ന കലോറി മൂല്യം.

സദ്യയിൽ മിക്കവാറും അതാത് കാലത്ത് ലഭ്യമായ വസ്തുക്കളാണ് ഉപയോഗിക്കുന്നത്. എല്ലാ വിഭവവും ഇടവപ്പാതിക്കാലത്തെ വിളവെടുപ്പുമായി ബന്ധപ്പെട്ടവയാണ്. മത്തങ്ങ, ചേന, കുമ്പളങ്ങ, വാഴപ്പഴം, വെള്ളരി, പടവലം, ചേമ്പ്, മുരിങ്ങ, പാവയ്ക്ക, ഇഞ്ചി, പച്ചക്കായ എന്നിവയൊക്കെ പോഷകസമൃദ്ധമായി ലഭിക്കുന്ന ചേരുവകളാണ്. ഡയറ്റീഷ്യൻമാർ ഓണക്കാലത്ത് "സീസണൽ ഭക്ഷണം" നിർദ്ദേശിക്കുന്നതിന് വളരെ മുമ്പുതന്നെ, ഈ സദ്യ ആരോഗ്യവും ചുറ്റുപാടുകളും കാലാവസ്ഥയും തമ്മിലുളള ആയുർവേദ നിഗമനങ്ങളെ സാധൂകരിക്കുന്നവയായിരുന്നു. ഓണം സദ്യ "ഹെവി" യാണെന്നത് ഒരു പൊതു തെറ്റിദ്ധാരണയാണ്. സത്യത്തിൽ, സദ്യയുടെ ഘടനയും തയ്യാറാക്കൽ രീതിയും തന്നെ അതിനെ ദഹനത്തിന് അനുയോജ്യമാക്കുന്നു. തൈര് അടിസ്ഥാനമാക്കിയുള്ള പച്ചടിയിൽ കുടലിന്റെ പ്രവർത്തനത്തെ മികച്ചതാക്കുന്ന പ്രോബയോട്ടിക്കുകൾ അടങ്ങിയിട്ടുണ്ട്. ഇഞ്ചി-പുളി എന്നിവ ചേർന്ന പുളിയിഞ്ചി, പ്രധാന വിഭവങ്ങൾ എത്തുന്നതിനു മുമ്പ് വിശപ്പ് ഉണർത്തുന്നു. അവസാനം, സംഭാരം അല്ലെങ്കിൽ മസാല ചേർത്ത മോര് ശരീരത്തെ തണുപ്പിക്കുകയും ദഹനത്തെ മികവുറ്റതാക്കുകയും ചെയ്യുന്നു. 
ഓണം സദ്യയിലെ സുഗന്ധവ്യഞ്ജനങ്ങൾ ഒരിക്കലും അമിതമാകാറില്ല. മഞ്ഞൾ വിഷാംശവും നീർക്കെട്ടും വീക്കവും കുറയ്ക്കുന്നു, കറിവേപ്പില ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കുന്നു. കുരുമുളക് ഉപാപചയ പ്രവർത്തനങ്ങളെ കൂട്ടുന്നു, അതേസമയം ഇഞ്ചി ദഹനം പുനഃക്രമീകരിക്കുന്നു. പാചകരീതികൾ ലഘുവായതിനാൽ, ഈ സുഗന്ധവ്യഞ്ജനങ്ങൾ സദ്യയിൽ അവയുടെ ശക്തിയും വീര്യവും നിലനിർത്തുന്നു.
കേരളത്തിലെ പരുക്കൻ ചുവന്ന മട്ട അരി മഗ്നീഷ്യം കൊണ്ട് സമ്പുഷ്ടവും ദഹിക്കാൻ എളുപ്പമുള്ളതും സുസ്ഥിരമായ ഊർജ്ജം നൽകുന്നതുമാണ്. ശർക്കരയും തേങ്ങാപ്പാലും ചേർത്ത് ഉണ്ടാക്കുന്ന പായസം സൂക്ഷ്മധാതുക്കളാൽ സമ്പുഷ്ടമാണ്, ശർക്കര ഇരുമ്പും പോഷകങ്ങളും നൽകുന്നു.
ആധുനിക വെൽനസ് സംസ്കാരം "മൈൻഡ്ഫുൾ ഈറ്റിംഗ്" എന്ന് ഇപ്പോൾ വിളിക്കുന്ന രീതിയാണ് പരമ്പരാഗത സദ്യയിലേത് എന്ന് കാണാം. ഓരോ വിഭവവും ഇലയിൽ അതിന്റെ സ്ഥാനം കണ്ടെത്തുന്നതുവരെ കാത്തിരിക്കുക. എല്ലാവരും ഒരുമിച്ച് ആരംഭിക്കുക. നിശ്ചിത ക്രമത്തിൽ കഴിക്കുക. ഓരോ വിഭത്തിന്റെയും രുചിയറിഞ്ഞ് കഴിക്കുക. തറയിൽ കാലുകൾ മടക്കിവെച്ച് ഭക്ഷണം കഴിക്കാനിരിക്കുക (ഈ ആസനം ദഹനത്തെ സഹായിക്കുന്നതായിരുന്നു). രീതികളൊക്കെ മാറിയെങ്കിലും മലയാളികൾക്ക് ഇത് എല്ലായ്പ്പോഴും ഒരോർമ്മയാണ്.



ഡോ. കെ.എ.രവിനാരായണൻ   ബി എ എം എസ്
പി ജി ഡിപ്ലോമ ഇൻ ജേർണലിസം

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.