All Categories

Uploaded at 2 months ago | Date: 18/09/2024 11:00:43

കഥ
==============
മറവി

തലകറങ്ങി വീണ ഭാര്യയെ ഓട്ടോയിൽ ആശുപത്രിയിലേക്കു കൊണ്ടു പോകുമ്പോൾ അയാൾ ആകെ അസ്വസ്ഥനായിരുന്നു
ഒരു ജലദോഷം പോലും വരാത്ത ഭാര്യക്കിതെന്തു പറ്റി?
ഇനി സീരിയസായി വല്ലതും ...?
അയാളുടെ തൊണ്ട വരണ്ടു..
രക്തോട്ടം  കുറഞ്ഞതിന്റെ ആകുമോ ?
കുറച്ചു കാലമായി കൈകാലുകൾ വേദനയാണ്.
കാണിക്കാത്ത ആശുപത്രിയും നടത്താത്ത ടെസ്റ്റുകളും ഇല്ല.
എന്നിട്ടും എന്താണാവോ ?
ചിന്തകൾ നിയന്ത്രണമില്ലാതെ സഞ്ചരിച്ചുകൊണ്ടിരുന്നു.
കാഷ്വാലിറ്റിയിലേക്ക് ഭാര്യയെ കയറ്റി കിടത്തുമ്പോൾ അയാളുടെ നെഞ്ച് പടപടാന്ന്  ഇടിച്ചു കൊണ്ടിരുന്നു.
ഭാര്യയെ പരിശോധിച്ച ശേഷം ഡോക്ടർ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
ആകാംക്ഷയോടെ അയാൾ ചെവി കൂർപ്പിച്ചു.
അപ്പോൾ ഡോക്ടർ തല കുമ്പിട്ട് പേപ്പറിൽ എന്തെക്കെയോ കുത്തിക്കുറിക്കുന്നുണ്ടായിരുന്നു.
അപ്പോഴേക്കും സിസ്റ്റർ
രജിസ്ട്രേഷനിൽ പോയി  ചീട്ടെടുക്ക് ..
അയാൾ രജിസ്ട്രേഷൻ കൗണ്ടറിലേക്കോടി
ഭാഗ്യം വേറെ ആരുമില്ല
കൗണ്ടറിലിരുന്ന കന്യാസ്ത്രീ പേരും വിലാസവും ചോദിച്ചു.
പക്ഷെ
അയാൾക്ക്   ടെൻഷൻ കാരണം മറുപടി പറയാൻ പറ്റാത്ത അവസ്ഥ
പരിഭ്രമിക്കണ്ടാ സാവധാനം പറഞ്ഞാൽ മതീന്ന് സിസ്റ്റർ  
എത്ര ആലോചിച്ചിട്ടും ഭാര്യയുടെ പേര് അയാൾക്ക് ഓർമ്മ വരുന്നില്ല
പേരൊഴിച്ച് ബാക്കിയൊക്കെ പറഞ്ഞു.
അയാളുടെ അവസ്ഥ കണ്ടപ്പോൾ ഒന്നുകൂടി ഓർത്തു നോക്കൂന്ന്  കന്യാസ്ത്രീ ആശ്വസിപ്പിച്ചു.
ഒരു ദിവസം അഞ്ചാറു തവണയെങ്കിലും ഭാര്യ വിളിക്കാറുള്ളതാണല്ലോന്ന് അയാളപ്പോഴാണ് ഓർത്തത്
വേഗം മൊബൈലിൽ  കോൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ അതിൽ പേരിന് പകരം മൊബൈലിൽ സേവ് ചെയ്തിരുന്ന  ഭാര്യയുടെ വിളിപ്പേരായിരുന്നു  
കന്യാസ്ത്രീയുടെ നോട്ടം കണ്ടപ്പോൾ  അയാൾക്ക് കണ്ണിൽ ഇരുട്ടു പടരുന്നതുപോലെ തോന്നി.
അപ്പോഴേക്കും ആശുപത്രിയിലെ വിവരം തിരക്കി ആന്റിയുടെ ഫോൾ വന്നപ്പോൾ അയാൾക്ക് ആശ്വാസമായി
സന്തോഷത്തോടെ ഭാര്യയുടെ പേരും പറഞ്ഞു കൗണ്ടറിൽ നിന്നും ഫയൽ വാങ്ങിയപ്പോൾ ചെറുമന്ദഹാസത്തോടെ കന്യാസ്ത്രീ ചോദിച്ചു.
'ഇത് സ്വന്തം ഭാര്യ തന്നെയല്ലേ...'
അതാ പ്രശ്നമായതെന്ന്  പറഞ്ഞ്  ചിരിച്ച് അയാൾ കാഷ്വാലിറ്റിയിലേക്ക് ഓടി
ഡോക്ടർ പറഞ്ഞു.
ഒന്നും പേടിക്കാനില്ല  , ബിപി ഇത്തിരി കുറഞ്ഞതാ
ഡ്രിപ്  ഇട്ടിട്ടുണ്ട്. അതു കഴിയുമ്പോൾ പോകാന്ന് പറഞ്ഞതോടെ അയാളുടെ മനസ് തണുത്തു
പേര് മറന്നുപോയ വിവരം മടക്കയാത്രയിൽ പറഞ്ഞതോടെ ഭാര്യയുടെ മുഖം ചുവന്നു തുടുത്തു..
അയാൾ അബദ്ധമായൊന്ന് ചിന്തിച്ചിരിക്കുന്നതിനടയിൽ അവൾ ചിരിച്ചു.,പിന്നെ അയാളും

===  ഷാജി ഇടപ്പള്ളി

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.