കഥ
പിടയുന്ന ഹൃദയം
ഓഫീസിൽ നിന്നിറങ്ങുമ്പോൾ സമയം അഞ്ചര കഴിഞ്ഞിരുന്നു. ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ഒരു സുഹൃത്തിനെ കണ്ടു. സംസാരിച്ചു പിരിയുമ്പോൾ ഇടത്തെ നെഞ്ചിനൊരു വേദന. വീണുപോയേക്കുമോ എന്നു പോലും ഭയപ്പെട്ടു. സുഹൃത്തായ ഡോക്ടറെ ഒന്നു കാണാൻ തന്നെ തീരുമാനിച്ചു. നേരെ ഡോക്ടറുടെ അടുത്തേക്ക് പോയി. പരി ശോധന കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞത് കേട്ട് തരിച്ചിരുന്നു. സൂക്ഷിക്കണം. ഞാൻ മറ്റൊരു ഹോസ്പിറ്റലിലേക്ക് കാർഡിയോളജിസ്റ്റിനെ കാണാൻ ലെറ്റർ തരാം . അല്ലെങ്കിൽ വേണ്ട . ഞാൻ വിളിച്ചു പറഞ്ഞോളാം. നാളെ തന്നെ പൊയ്ക്കോളൂ. വച്ചോണ്ടിരിക്കേണ്ടതല്ല ഇതൊക്കെ. ചെറിയൊരു പേടി ഉള്ളിലുണ്ടായെങ്കിലും ഹോസ്പിറ്റലിൽ പോകാൻ കുട്ടാക്കിയില്ല.
പിറ്റേന്ന് പതിനൊന്നു മണിയായപ്പോഴേക്കും സുഹൃത്തിന്റെ ഫോൺ. ഹലോ എന്ന് പറയുന്നതിനു മുൻപേ ഇങ്ങോട്ടുള്ള ചോദ്യമെത്തി. ഹോസ്പിറ്റലിൽ പോയില്ലേ ? വേഗം പോകൂ. വച്ചോണ്ടിരിക്കരുത്. വണ്ടിയെടുക്കേണ്ട. ഓട്ടോ വിളിച്ച് പോയാൽ മതി. അല്ലെങ്കിൽ ഞാൻ തന്നെ വന്നു കൊണ്ടുപോകാം. ഇത്രയുമായപ്പോഴേക്കും ഫോൺ ഭാര്യയ്ക്ക് കൈമാറി. ഡോക്ടർ ഭാര്യയോട് എന്തൊക്കെയോ പറഞ്ഞു. വേഗം ഡ്രസ് മാറ്. നമുക്കൊന്നു പോയിട്ടു വരാം. വണ്ടിയെടുക്കാൻ സമ്മതിച്ചില്ല. എനിക്ക് കുഴപ്പമൊന്നുമില്ലെന്ന് സ്വയം പറഞ്ഞു കൊണ്ട് ഞാൻ തന്നെ വണ്ടിയെടുത്തു.
കാർഡിയോളജിസ്റ്റിന്റെ അടുത്തേക്ക് പോകുമ്പോൾ ഹോസ്പിറ്റലിലെ വരാന്തയിൽ വിളറി വെളുത്തിരിക്കുന്ന അനേകം പേർ. അത് കണ്ടതോടെ ഞാനും അവരെപ്പോലെ വിളറി വെളുത്തു പോയി. ഹൃദയമിടിപ്പ് കൂടുന്നുവോ കുറയുന്നുവോ എന്നെനിക്ക് സംശയം തോന്നി. ഞാനും അവരോടൊപ്പം വിയർത്തു കുളിച്ച് കസേരകളിലൊന്നിൽ സ്ഥാനം പിടിച്ചു. എന്റെ ഊഴം എത്തി. ഏതോ വലിയ ഒരു രോഗിയെ പോലെ ഡോക്ടറുടെ മുന്നിലിരുന്നു. മുന്നിലും പിന്നിലുമെല്ലാം പരിശോധിച്ച ശേഷം എന്നെ ഒന്നു സൂക്ഷിച്ചു നോക്കി. പ്രഷർ ചെക്ക് ചെയ്തു. സാവധാനം അദ്ദേഹം പറഞ്ഞു. താങ്കൾക്ക് കുഴപ്പമൊന്നുമില്ല. പിന്നെ താങ്കളുടെ ഡോക്ടർ പറഞ്ഞതല്ലേ , ഒന്ന് ഇ . സി . ജി . എടുത്ത് നോക്കാം. അങ്ങനെ ആ പരിശോധനയും കഴിഞ്ഞപ്പോൾ ഡോക്ടർ ഉറപ്പിച്ചു പറഞ്ഞു, കുഴപ്പമൊന്നുമില്ല. ചിലപ്പോ ചിലർക്ക് പൾസിൽ വേരിയേഷൻ കാണും . അത് കണ്ടിട്ട് തോന്നിയതാകും. വിളറി വെളുത്തിരുന്ന എന്റെ മുഖത്തേക്ക് പതുക്കെ പ്രസാദം വരാൻ തുടങ്ങി. വന്നതിന്റെ നൂറിരട്ടി ഉത്സാഹം കൈവന്നതുപോലെ.
ഡോക്ടർ മറിച്ചൊരു വാക്കാണ് പറഞ്ഞിരുന്നതെങ്കിൽ ഞാനെന്നേ ഒരു ഹൃദ്രോഗിയായി മാറിയേനെ.
ഡോക്ടർക്ക് മനസ്സാ നന്ദി പറഞ്ഞു കൊണ്ട് ആശുപതിയുടെ ചവിട്ടു പടികളിറങ്ങി.
( മേരി തോമസ്)
story
SHARE THIS ARTICLE