കുഞ്ഞുകഥ
*സ്വർഗ്ഗവും നരകവും*
മാത്തപ്പനും ലൂസിയും തമ്മിൽ മുട്ടൻ പ്രേമം. ഒരു ദിവസം മാത്തപ്പൻ പറഞ്ഞു. "നിന്നെ കെട്ടാൻ പറ്റീല്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും."
"അയ്യോ! ഞാനും അങ്ങനെ തന്നെയാ തീരുമാനിച്ചിരിക്കുന്നത്. നമ്മുടെ കല്യാണം നടന്നില്ലെങ്കിൽ പിന്നെ ഒരു ജീവിതം വേണ്ടാന്ന്." ലൂസി പ്രതിവചിച്ചു.
കുറെ പ്രതിസന്ധികളൊക്കെ ഉണ്ടായെങ്കിലും അവരുടെ വിവാഹം നടന്നു. മധുവിധു ആഘോഷിച്ചു നടക്കുന്നതിനിടയിൽ മാത്തപ്പൻ അഭിപ്രായപ്പെട്ടു. "നിന്നേപ്പോലെ നല്ല ഒരു ഭാര്യയെ കിട്ടിയപ്പോഴാണ് ഞാനറിഞ്ഞത് സ്വർഗ്ഗവും ഭൂമിയിൽത്തന്നെയാണെന്ന്."
യഥാർത്ഥ ജീവിതത്തിലേക്കു കടന്നപ്പോളാണ് ലൂസി അറിയുന്നത് മാത്തപ്പൻ ഒരു മുൻകോപക്കാരനാണെന്ന്. തൻ്റെ ഭാര്യ തീരെ ക്ഷമയില്ലാത്തവളാണെന്ന് മാത്തപ്പനും അറിഞ്ഞു.
ഏതു വിഷയം സംസാരിച്ചാലും അത് വഴക്കിൽ കലാശിക്കാൻ തുടങ്ങി.
ഒരു ദിവസം വഴക്കു മൂത്തപ്പോൾ മാത്തപ്പനോട് അമ്മ പറഞ്ഞു. " ഇവൾ നിനക്കു ചേർന്ന പെണ്ണല്ലെന്ന് ഞാനന്നേ നിന്നോടു പറഞ്ഞതല്ലേ? അനുഭവിച്ചോ."
ലൂസി അമ്മയുടെ നേരേ വിരൽ ചൂണ്ടി ആക്രോശിച്ചു. "ദേ തള്ളേ , മര്യാദയ്ക്കുമിണ്ടാതിരുന്നോണം. അല്ലെങ്കിൽ എൻ്റെ വായിലിരിക്കുന്നതു കേൾക്കും."
മാത്തപ്പൻ ചാടി എഴുന്നേറ്റ് ലൂസിയുടെനേരേ കുതിച്ചു. അമ്മ ഇടയിൽ കയറിയതുകൊണ്ട് അടി കിട്ടാതെ രക്ഷപ്പെട്ടു.
രണ്ടു ദിവസത്തേക്ക് ഭാര്യാഭർത്താക്കന്മാർ തമ്മിൽ ഒന്നും സംസാരിച്ചില്ല.
വൈകുന്നേരം മാത്തപ്പൻ പ്രാർത്ഥനാമുറിയിൽ കയറി കൈകൂപ്പി ഇരിക്കുന്നതുകണ്ട് ലൂസി ചോദിച്ചു. "എന്താ ഇത്ര വലിയ പ്രാർത്ഥന?"
"നിനക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സത്യം പറയാം. നമ്മൾ മരിക്കുമ്പോൾ എൻ്റെ ഭാര്യയ്ക്ക് സ്വർഗ്ഗമാണു കിട്ടുന്നതെങ്കിൽ എന്നെ നരകത്തിലേക്കയയ്ക്കണേന്നാ ഞാൻ പ്രാർത്ഥിച്ചത്."
അവൾ ഉറക്കെ ചിരിച്ചു.
"കളിയാക്കുന്നോ?".... അയാൾ പല്ലിറുമ്മി.
"അല്ല. നമ്മൾ ഒരേ ചിന്താഗതിക്കാരാണല്ലോന്നോർത്ത് ചിരിച്ചതാ. ഞാനും പ്രാർത്ഥിക്കുന്നത് മാത്തപ്പൻചേട്ടനു നരകമാണു കിട്ടുന്നതെങ്കിൽ എന്നെ സ്വർഗ്ഗത്തിലേക്കയയ്ക്കണേന്നാ."
മാത്തപ്പൻ കോപമടക്കി നിശ്ശബ്ദനായി ഇരുന്നു.
*ജോർജുകുട്ടി താവളം*
.
story
SHARE THIS ARTICLE