All Categories

Uploaded at 1 day ago | Date: 12/07/2025 17:03:02

കഥ


പ്രണയ കഥ.


 കുപ്പിവളകൾ കൈത്തണ്ടയിൽ കിലുകിലെ ഇളക്കിക്കൊണ്ട്  സുനിത ചിരിച്ചു .അപ്പോൾ ഡിഗ്രി ക്ലാസിൽ മലയാളം സർ ദുഷ്യന്തന്റെയും ശകുന്തളയുടെയും പ്രണയം കൊണ്ട് ശിഷ്യഗണങ്ങളുടെ മനസ്സിൽ മറ്റൊരു താജ്മഹൽ പണിയുകയായിരുന്നു. വിവാഹ സങ്കൽപ്പങ്ങളുടെ ശരിയും തെറ്റും ചർച്ചയ്ക്ക് ഇടുമ്പോഴാണ് സുനിത കുപ്പിവളകൾ  ഉ ടച്ച് കൈത്തണ്ടയിൽ മുറിവുണ്ടാക്കിയത്.

ആ മുറിവ് എന്തിനായിരുന്നു എന്ന് ചോദിക്കുമ്പോഴേക്കും അവൾ ക്ലാസ് മുറിയിലെ ഡസ്ക്കിൽ കിടന്നു കരച്ചിൽ തുടങ്ങിയിരുന്നു.

  സുനിതയ്ക്ക് ഒരു പ്രണയമുണ്ടെന്നും അത് അവളുടെ അമ്മ അംഗീകരിക്കുന്നില്ലെന്നും ഞങ്ങളുടെ ക്ലാസിൽ എല്ലാവർക്കും അറിയാമായിരുന്നു.
 എന്നാൽ അവളുടെ പ്രണയം അവളുടെ പ്രായത്തെ മറികടന്ന് വളരുന്നു എന്ന് ആർക്കും അറിയുകയും ഇല്ലായിരുന്നു .അന്ന് കോളേജിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിൽ അവൾ പറഞ്ഞു .
എൻ്റെ  വാശി എത്രത്തോളം ഉണ്ടെന്ന് എൻ്റെ അമ്മഇന്ന് അറിയും അമ്മയെ ഞാൻ ജയിക്കാൻ അനുവദിക്കില്ല

 മഴയിലൂടെ നടന്നു പോകുന്ന സുനിതയുടെ കാലടികൾ മണ്ണിൽ പതിപ്പിച്ചത് വാശിയുടെ അടയാളങ്ങൾ ആയിരുന്നു എന്ന് അപ്പോൾ എനിക്ക് തോന്നി .
അടുത്ത ദിവസം ഞാൻ കോളേജിൽ എത്തുമ്പോൾ നിശബ്ദമായ കോളേജ് കവാടം ആയിരുന്നു എന്നെ എതിരേറ്റത്.
 കവാടത്തിനരികിലെ പൂമരങ്ങളിൽ കാറ്റു പോലും  നിശബ്ദമായി തൂങ്ങിക്കിടന്നിരുന്നു അപ്പോൾ. 

  സുനിതയുടെ മരണത്തിന്റെ പ്രതീകം എന്നോണം ജീവനറ്റ പുഷ്പങ്ങൾ കോളേജ് അങ്കണത്തിൽ പൊഴിഞ്ഞു കിടന്നു.

 ശകുന്തളയുടെ പ്രണയം കൊണ്ട് മറ്റൊരു താജ്മഹൽ പണിയാൻ ശ്രമിച്ച മലയാളം സർ താജ്മഹൽ നിർമ്മാണത്തിൽ നിന്ന് പിന്മാറി നിർഭാഗ്യകരമാകുന്ന പ്രണയത്തെക്കുറിച്ച് അപ്പോൾ കൂടി നിന്നവരോട് വിഷമത്തോടെ സംസാരിക്കുന്നുണ്ടായിരുന്നു . സുനിതയെ അവസാനമായി ഒന്ന് കാണാൻ വേണ്ടി ഞങ്ങൾ അവളുടെവീടിൻ്റെ ഉമ്മറപ്പടി കേറുമ്പോൾ എൻറെ മോളെ ... എന്ന അവളുടെ അമ്മയുടെ നിലവിളിയാണ് ഞങ്ങളെ എതിരേറ്റത്.

 ഞങ്ങളെ കണ്ടതും ആർത്തലച്ചു കരഞ്ഞുകൊണ്ട് അമ്മപറഞ്ഞു .എൻ്റെ  കുട്ടിയുടെ നല്ലതിന് വേണ്ടിയാ മക്കളെ ഞാൻ അവളെ ഉപദേശിച്ചത്. എൻ്റെ മോൾ അവസാനമായി  എന്താണെന്നറിയാമോ  മക്കളെ  എന്നോട് പറഞ്ഞത് .

എനിക്ക് ഇനിയും ജീവിക്കണം എന്നെ ഒന്ന് ആശുപത്രിയിൽ എത്തിക്കു അമ്മേഎന്നാണ് .

അവളെ ഞാൻ വേഗത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും എനിക്ക്  അവളെ രക്ഷിക്കാൻ കഴിഞ്ഞില്ല മക്കളെ. നെയ്യിൽ ചേർത്താണ് അവൾ വിഷം കഴിച്ചത് .

ആ അമ്മ വീണ്ടും നെഞ്ചുപൊട്ടുന്ന വേദനയോടെ ആർത്തലച്ചു കരഞ്ഞു.
ആ കരച്ചിലിന്റെ കണ്ണീർ വിതുമ്പിയൊഴുകിയത് കൂടിനിന്നരുടെ മിഴികളിൽ കൂടിയായിരുന്നു.

 സുനിതയുടെ വീട്ടിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ സുനിതയുടെ വാശിക്ക് മുമ്പിൽ തോറ്റുപോയത്അവളുടെ അമ്മയാണോ അതോ അവളാണോ എന്ന ചിന്തയിൽ കുപ്പി വളകൾ കൊണ്ടുപോറിയത് പോലെ എൻറെ ഹൃദയം നീറി   നുറു ങ്ങുകയായിരുന്നു.


വിജയാ വാസുദേവൻ

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.