All Categories

Uploaded at 4 days ago | Date: 26/07/2025 18:08:12

കഥ 
കാത്തിരിപ്പ് 

ഉച്ചവെയിലിന്റെ ചൂടേറ്റ് പക്ഷികൾ മരച്ചില്ലകളിൽ കൊക്കുരുമ്മിയിരുന്ന് വിശ്രമിക്കുന്നു. എത്ര നേരമായി അവയെ നോക്കിയിരിക്കുന്നു. അതിലെ പെൺകിളി എന്തോ ചോദിക്കുന്നതുപോലെ.  “എവിടെ നിന്റെ കൂട്ടുകാരൻ? “  “ വരും , താമസിയാതെ എത്തും “ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. 
ആകാശത്തിലൂടെ ഒരു പക്ഷിയുടെ വലിപ്പം തോന്നിപ്പിക്കുന്ന വിമാനത്തിന്റെ ഇരമ്പൽ മനസ്സിനെ ഉണർത്തി. അകലങ്ങളിലേക്ക് പറന്നു പോകുന്ന അതിനെ നോക്കിയിരിക്കവേ കണ്ണുകൾ അറിയാതെ സജ്ജലങ്ങളായി. 

വിവാഹം കഴിഞ്ഞിട്ട് ഒരു മാസമേ ആയുള്ളൂ. ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു.  പോകാനുള്ള ദിവസങ്ങളടുത്തു. അതോടൊപ്പം വിരഹത്തിന്റെ വേദന അറിയാൻ പോകുന്നതിന്റെ നടുക്കവും. ആകെ തളരുകയാണ്.  
യാത്ര പറഞ്ഞിറങ്ങുമ്പോൾ അടക്കിവച്ചിരുന്നതെല്ലാം ഒരു പൊട്ടിക്കരച്ചിലായി പുറത്തേക്കൊഴുകി. പിടിച്ചു നിൽക്കാനായില്ല. വിതുമ്പുന്ന ചുണ്ടുകൾക്കിടയിൽ വാക്കുകൾ ഞെരുങ്ങിയമർന്നു. വിങ്ങിപ്പൊട്ടുന്ന രണ്ട് ഹൃദയങ്ങൾ വേർപിരിയാനാവാതെ വിഷമിക്കുന്നു. പരസ്പരം നോക്കിനിൽക്കവേ - തന്റെ സഹോദരന്റെയും ചിറ്റയുടെയും തേങ്ങലുകൾ . പിന്നെ തളർന്നു വീഴുകയായിരുന്നു. എത്രനേരമങ്ങനെ കിടന്നെന്നറിയില്ല. ചുട്ടുപഴുത്ത നെറ്റിയിൽ അമരുന്ന ചുണ്ടുകളുടെ തണുപ്പു തോന്നിയത് കൊണ്ടാവാം കണ്ണുകൾ തുറന്നു. “പോയി വരട്ടെ” . കരയാതിരിക്കാൻ ശ്രമിച്ചുകൊണ്ട് ആ കൈകൾ കൂട്ടിപ്പിടിച്ച് ഹൃദയത്തോട് ചേർത്തുവച്ച് അന്ന് യാത്രയാക്കിയതാണ്. എന്തോ ഒന്ന് അടർന്നു പോയതുപോലെ, വേദനയോടെ ഇടറുന്ന പാദങ്ങളോടെയാണ് തിരിച്ച് കാറിൽ കയറിയത്. 
കത്തുകൾക്കായുള്ള കാത്തിരിപ്പ് ,ഉൾപ്പുളകത്തോടെയും വേദനയോടെയും വായിച്ചു തീർക്കുന്ന കത്തുകൾ .സാന്ത്വനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു കൊണ്ടുള്ള കത്തെഴുതലുകൾ. ഇന്നേക്ക് ഒരു വർഷവും എട്ട് മാസവുമായി. ഒരു മാസം കൂടി കഴിഞ്ഞാൽ തന്റെ എല്ലാമെല്ലാമായ രാമേട്ടൻ വരും. അന്നു 
യാത്രയാക്കാൻ പോയ അതേ സ്ഥലത്ത് അദ്ദേഹത്തെ സ്വീകരിക്കാൻ താൻ പോകും. 
കാണുമ്പോൾ ആ കണ്ണുകളിൽ നോക്കി പറയാനുള്ള ഒരായിരം കാര്യങ്ങൾ മനസ്സിൽ ഒരുക്കൂട്ടി. ആ കയ്യിൽ കോർത്ത് പിടിച്ച് കാറിലേക്ക് കയറുന്നതും അങ്ങനെ പലതും പലതും….
അറിയാതെ ചുണ്ടിൽ ചിരി പടരവേ കൊക്കുരുമ്മിയിരുന്ന പക്ഷികൾ എന്തോ മനസ്സിലാക്കിയിട്ടെന്ന പോലെ ഉറക്കെ ചിലച്ചു കൊണ്ട് പറന്നു പോയി. 

          (മേരി തോമസ് )

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.