കഥ
അതേ മുറി
..........................
സുരേഷ്ചന്ദ്രൻ
നാളെ
ആലുവ ശിവരാത്രി
മണപ്പുറത്ത് ബലിയിടാൻ കൂടെ വരുന്നുണ്ടോയെന്ന്
കൂട്ടുകാരനായ ചിത്രാഗംദൻ ചോദിച്ചപ്പോൾ
അന്നേരമൊന്നും പറയാതിരുന്ന നകുലനോട്
ചിത്രാഗംദൻ പോയ് കഴിഞ്ഞപ്പോൾ
നകുലന്റെ ഭാര്യ ദമയന്തി ചോദിച്ചു
അച്ഛൻ മരിച്ചതിന് ശേഷമുളള ശിവരാത്രിയല്ലേ
എന്തേ പോകുന്നില്ലേയെന്ന്...?
അതിന് മറുപടിയായ് നകുലൻ ദമയന്തിയോട് പറഞ്ഞു
അതിങ്ങിനെയാണ്..
നിന്നെ വിവാഹം കഴിക്കുന്നതിന് മുൻപുളള നിനയ്ക്കറിയാവുന്ന കാര്യങ്ങൾ
അത്
ഈ പറച്ചിലിന് നല്ലൊരു വഴിയാകാം..
ഈ പുതിയ വീടിന്റെ സ്ഥാനം ചെറിയൊരു ഓടിട്ട വീടായിരുന്നതും
ഞാൻ വിദേശത്തേക്ക് പോയതും
മൂന്ന് വർഷങ്ങൾക്ക് ശേഷം തിരികെ വന്നതും പിന്നീട്
ആ ഓടിട്ടവീടിനോട് ചേർന്ന്
ഒരു വാർക്കമുറി
അത്
അച്ഛനും അമ്മയ്ക്കുമായ് പണിതതും
വിവാഹം കഴിഞ്ഞ്
നീ വീട്ടിലേക്ക് വന്നതും
വർഷങ്ങൾക്ക് ശേഷം കുട്ടികൾ രണ്ടായതും
ആ കൊച്ചുവീട്ടിൽ
അച്ഛനും അമ്മയും
ഞാനും നീയും
രണ്ടാൺമക്കളും..
വർഷകാലം
ഓടിട്ടപുരയാണെങ്കിലും നമ്മുടെ കുഞ്ഞുമുറിയെ നനയിച്ചിരുന്നതും
പ്രായമായ അച്ഛനും അമ്മയും സുഖമായുറങ്ങുന്ന
ആ വാർക്കമുറിയെ ഓർത്ത് നമ്മൾ സന്തോഷിച്ചിരുന്നതും
എല്ലാം
എല്ലാം നിനക്കറിയാം..
വിട്ടുമാറാത്ത
ബാലാരിഷ്ടതകൾ പോലെ
നമ്മുടെ വീട്ടിലും
അച്ഛനും അമ്മയുമായുള്ള
നമ്മുടെ കൊച്ചു കൊച്ചു പരിഭവങ്ങൾ..
അതിനിടയിലൊരു
ദിവസം
ഒരുച്ചനേരം
അച്ഛന്റെ സഹോദരന്റെ മകൻ ചിത്രാഗംദൻ
വീട്ടിലെ ചെറിയ ചെറിയ പരിഭവങ്ങളറിഞ്ഞ് തന്നെയാകണം നമ്മുടെ വീട്ടിലേക്ക് വന്നതും
സ്നേഹാന്വേഷണങ്ങളെന്നോണം അവയെല്ലാം ചോദിച്ചറിഞ്ഞതും
പോകാൻനേരം മുറ്റത്തേക്ക് വിളിച്ച് മാറ്റി നിർത്തി അവൻ എന്നോടത്
പറഞ്ഞതും!,
നകുലാ..
ബുദ്ധിമോശമാണ്
നീ കാട്ടിയിരിക്കുന്നത്.
എന്നെ കണ്ട് നീ പഠിക്കണം.
സമയം പോലെ എൻ്റെ വീട്ടിലേക്ക് വരൂ.
പ്രായമായവരെ
എപ്പോഴും വീടിന് പിന്നിലെ ഏതെങ്കിലും മുറിയിലാണ് കിടത്തേണ്ടത്
അല്ലാതെ ഇതുപോലെ മുന്നിലെ മുറിയിലല്ല. നമ്മൾ ചെറുപ്പക്കാർ
നിറമുള്ള നമ്മുടെ ജീവിതം..
നമ്മൾ പോകുന്നതും വരുന്നതും അവർ ആ മുറിയിലിരുന്ന് അസൂയയോടെ തന്നെയാണ് ഏത് നേരവും നോക്കി കാണുന്നത്..
ആ കാഴ്ചകളെ
അവരിൽ നിന്നും
മാറ്റി നിർത്തുവാൻ മാർഗ്ഗം ഒന്നേയുള്ളു
വീടിന്റെ പിന്നാമ്പുറത്തെ ഏതെങ്കിലും മുറിയിലേക്ക് അവരെ മാറ്റുക...
പലതവണകൾ
ചിത്രാഗംദന്റെ വീട്ടിൽ പോയിരുന്നെങ്കിലും അവൻ്റെ ആ പറച്ചിലിന് ശേഷമുള്ളൊരു പോക്കിൽ
അവന്റെ വാക്കും പ്രവർത്തിയും
ഒന്നാണെന്നും ഞാൻ തിരിച്ചറിഞ്ഞു.
ഇടതുചെവിയിലൂടെ മുൻപ് കേട്ട അവന്റെ വാക്കുകൾ വലതുചെവിയിലൂടെ അന്ന് പുറത്തേക്ക് കളയുകയും ഒപ്പം മനസ്സിലൊന്നുറപ്പിക്കുകയും ചെയ്തു..
അച്ഛൻ്റെയും അമ്മയുടെയും കാലശേഷം
ശിവരാത്രിമണപ്പുറമെന്നല്ലാ
എവിടെയും
അവർക്കായി
ബലിയിടുക പോലുമില്ലായെന്നും..
നകുലൻ,
ശേഷിച്ച ഓടിൻ പുര പൊളിച്ച് വാർക്കപ്പുരയാക്കി.
മുന്നിലെ വലതുവശത്തെ അച്ഛൻ്റെയും അമ്മയുടെയും ആ മുറി തന്നെ
വലിയൊരു കുളിമുറിയോട് കൂടി അവർക്കായി
അവനൊരുക്കി..
അങ്ങിനെ
അവർ ജീവിച്ചിരുന്ന കാലത്തോളം നകുലനും ദമയന്തിയും യാതൊരുവിധ കുറവുകളുമില്ലാതെ അവരെ പൊന്നുപോലെ നോക്കി..
കുറച്ച് കാലങ്ങൾക്ക് ശേഷം
ചിത്രാഗംദൻ നകുലന്റെ വീട്ടിൽ വന്നു..
പുതിയവീടും പരിസരവും ചുറ്റി നടന്ന് കാണുന്ന കൂട്ടത്തിൽ പിന്നാമ്പുറത്തെ
അടുക്കളഭാഗത്തോട് ചേർന്നുള്ള
പുറത്തേക്ക് വാതിലുള്ള
ആ ചെറിയ മുറി
അയാളുടെ ശ്രദ്ധയിൽ പെട്ടു!!
നകുലാ...
ഈ മുറി...!!?
ആശ്ചര്യത്തോടെ ചിത്രാംഗദൻ നകുലൻ്റെ മുഖത്തേക്ക് നോക്കി..
നകുലൻ
അതെയെന്ന്
തലയാട്ടി....
story
SHARE THIS ARTICLE