വൈപ്പിൻ:- വിഖ്യാത ചിത്രകാരൻ വിൻസെന്റ് വാൻഗോഗിന്റെ പ്രശസ്തമായ സ്റ്റാറി നൈറ്റ് ചിത്രത്തിൻ്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പുനരാവിഷ്കാരം ചെറായി സഹോദരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ആവിഷ്കരിച്ചു. ഉപയോഗശൂന്യമായ തുണികളും കടലിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗിച്ചാണ് ഈ കലാസൃഷ്ടി ഒരുക്കിയത്. കലയും പരിസ്ഥിതി സംരക്ഷണവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ ഉദ്യമം ഒരു പുതിയ മാതൃകയാണ്. 20 അടി നീളവും 17 അടി വീതിയുമുള്ള ഈ കലാസൃഷ്ടി പ്ലാൻ അറ്റ് എർത്ത് എന്ന സംഘടനയും ചെറായി സഹോദരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും ചേർന്നാണ് നിർമ്മിച്ചത്. ഇതിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് രമണി അജയൻ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് സൗമ്യ സൂരജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം ഉഷ സോമൻ ആശംസകൾ നേർന്നു. വി വി സഭ സെക്രട്ടറി ഷെല്ലി സുകുമാരൻ, മാനേജർ ഹരിത് എച്ച് സി എൽ ഫൗണ്ടേഷൻ ശിഖ കത്‌വാൾ , പ്രോഗ്രാം ഓഫീസർ എച്ച് സി എൽ ടെക് ഗ്രാൻഡ് ഡോ ഉഷസ് ജോർജ്, പ്ലാൻ അറ്റ് എർത്ത് സെക്രട്ടറി സൂരജ് എബ്രഹാം, പ്ലാൻ അറ്റ് എർത്ത് പ്രസിഡണ്ട് മുജീബ് ,പ്രിൻസിപ്പൽ സി കെ ഗീത ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ പ്രസീജ കെ പി , സ്കൗട്ട് മാസ്റ്റർ വി എസ് സുനിൽ, ഗൈഡ് ക്യാപ്റ്റൻ ഡോ സുപ്രഭാ സി ടി, എൻ എസ് എസ് അസിസ്റ്റൻറ് പ്രോഗ്രാം ഓഫീസർമാരായ സിമിലി മാത്യു, പി ബി ബിന്ദു, എന്നിവർ സന്നിഹിതരായിരുന്നു. മാലിന്യമുക്തം നവകേരളം എന്ന ഫ്ലാഷ് മോബ് എൻ എസ് എസ് വോളൻ്റിയർമാർ അവതരിപ്പിച്ചു. വൈപ്പിൻ ദ്വീപിലെ വിവിധ സ്കൂളുകളിൽ നിന്ന് അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് ശേഖരിച്ച തുണികളും എച്ച് സി എൽ ഫൗണ്ടേഷന്റെ ധനസഹായത്തോടെയുള്ള ഡ്രൈവ് ടു റിക്കവർ ഓഷ്യൻ പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി മുനമ്പം ഹാർബറിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്കും കൊണ്ടാണ് ഈ കലാസൃഷ്ടി നിർമ്മിച്ചത് . പ്ലാൻ അറ്റ് എർത്തിലെ വനിതാ അംഗങ്ങളാണ് ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത് . ചെറായി സഹോദരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും ഇതിൽ സജീവമായി പങ്കാളികളായി. മാലിന്യങ്ങൾ ഉപയോഗിച്ച് മനോഹരമായ ഒരു കലാസൃഷ്ടി ഒരുക്കിയതിലൂടെ പുനരുപയോഗം, സുസ്ഥിരത, സർഗാത്മകത എന്നിവയെക്കുറിച്ചുള്ള ശക്തമായ സന്ദേശം നൽകാൻ ഈ സംരംഭത്തിന് സാധിച്ചു. അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ചാണ് ഈ കലാസൃഷ്ടി നിർമ്മിച്ചത്. വിൻസെൻ്റ് വാൻഗോഗിനോടുള്ള ആദരവ് എന്നതിനപ്പുറം സമുദ്രങ്ങളെ പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഇത് ഓർമ്മിപ്പിക്കുന്നു. യുവതലമുറയെ ഈ പ്രക്രിയയിൽ പങ്കാളികളാക്കിയതിലൂടെ ശുദ്ധമായ സമുദ്രങ്ങളെക്കുറിച്ചുള്ള അവബോധം വളർത്താനും പരിസ്ഥിതിയോടുള്ള കൂട്ടായ ഉത്തരവാദിത്വം ഊട്ടിയുറപ്പിക്കാനും ഇത് ലക്ഷ്യമിട്ടു.
വൈപ്പിൻ
SHARE THIS ARTICLE