All Categories

Uploaded at 5 months ago | Date: 03/08/2024 19:29:58

ഓർമ്മച്ചെപ്പ് 18

" നാടകത്തിലേക്ക് "

മോഹൻ ചെറായി.
mob 97456 40456

        എന്റെ അറിവിൽ ഞങ്ങളുടെ ഗ്രാമത്തിൽ ആദ്യമായുണ്ടായ 
ക്ലബ്ബാണ്  "ആർട്സ് & സ്പോർട്സ് ക്ലബ്ബ്, കുഴുപ്പിള്ളി. "  കൊച്ചു പൗലോ മാഷുടെ പുകയില കടയുടെ  മുകളിലെ നിലയിൽ, (പിൽക്കാലത്ത്  ഞാൻ ആദ്യമായി സംവിധാനം ചെയ്ത "കരിഞ്ഞമണ്ണ് " എന്ന നാടകത്തിനുവേണ്ടിയും കൊച്ചു പൗലോമാഷ്  ഇതേ ഹാൾതന്നെ
വാടക വാങ്ങാതെ വിട്ടു തന്നിട്ടുണ്ട് )
ക്ലബ്  പ്രവർത്തനമാരംഭിച്ചു. 
 പ്രവർത്തകരുടെ കൂട്ടായ ചിന്തയുടെ അവസാന ഭാഗം ചെന്നെത്തിയത് 
ക്ലബ്ബിന്  പ്രവർത്തന മൂലധനം ഉണ്ടാക്കുന്നതിനുവേണ്ടി ഒരു നാടകം പഠിച്ചവതരിപ്പിക്കണം എന്നതിലാണ്
 പ്രവേശനം പാസ്സു മൂലം നിയന്ത്രിക്കണമെന്നും തീരുമാനിച്ചു. 
 ശീ. C.L . ജോസിന്റെ പ്രസിദ്ധ നാടകം 
"വേദനയുടെ താഴ് വരയിൽ " തെരഞ്ഞെടുത്തു. ജേക്കബ്ബ് ചേട്ടനും ഫ്രാൻസിസ്ചേട്ടനുമൊക്കെ അതിൽ നടീനടന്മാരായി . അന്ന്,
ഫ്രാൻസിസ് ചേട്ടനാണ് സ്ത്രീ വേഷം കെട്ടിയത്. നാടകത്തിൽ, അന്ധനായ ഒരു ബാലന്റെ വേഷമുണ്ട്. നാട്ടിലെ 
ശ്രദ്ധേയനായ ബാലതാരം എന്ന നിലക്ക് അവരതിന് ആദ്യമേ എന്നെ ആണ് പരിഗണിച്ചത്. എനിക്കാകട്ടേ 
വീട്ടിലെ നിബന്ധനകൾ തെറ്റിച്ചു 
നാടക പഠനത്തിനു പോകാൻ വയ്യ.  
സന്ധ്യയ്ക്ക് മുമ്പേ വീട്ടിലെത്തണം., 
എന്തെങ്കിലും പ്രത്യേക പരിപാടി ഉണ്ടെങ്കിൽ, അനുവാദത്തോടെ എട്ടുവരെ പരമാവധി. അതേ പറ്റൂ!
ഇത് അറിയാവുന്ന ഞാൻ വീട്ടുകാർ സമ്മതിക്കില്ല എന്നു പറഞ്ഞതോടെ 
ക്ലബ്ബ് മറ്റുള്ള കുട്ടികളെ തിരഞ്ഞു. 
പലരെയും കൊണ്ടു ചെന്നു നോക്കി. പക്ഷേ, നാടക രചയിതാവായ C.L.ജോസിനോ സംവിധായകൻ നെൽസൺ സാറിനോ അവരെ ആരെയും പിടിച്ചില്ല ! 
          ഓരോ പ്രാവശ്യവും പുതിയ കുട്ടികളെ പരീക്ഷിക്കുന്ന കാര്യങ്ങൾ 
ഞാൻ അറിഞ്ഞു കൊണ്ടിരുന്നു. 
എനിക്കാണെങ്കിൽ സെലക് ഷനു പോകണമെന്നുണ്ട് . വീട്ടിൽ നിന്നു അനുവാദം കിട്ടുകയില്ലെന്ന് ഉറപ്പ്. അതിനാൽ മോഹങ്ങൾ ഉള്ളിൽ ഒതുക്കിയ മോഹനൻ ആയി.
       അഭിനയസാധ്യത കൂടുതലുള്ള കഥാപാത്രം ആയതുകൊണ്ടും, ആ കഥാപാത്രം പൊളിഞ്ഞു പോയാൽ നാടകത്തെയാകെ അതു ബാധിക്കും എന്നുള്ള സംവിധായകന്റെ അഭിപ്രായത്തെ മാനിച്ചും, പുതിയ കുട്ടികളെ അവർ  പരീക്ഷിച്ചു കൊണ്ടേയിരുന്നു..... 
ഒടുവിൽ കറങ്ങിത്തിരിഞ്ഞ് 
ഫ്രാൻസിസ് ചേട്ടനും ജേക്കബ് ചേട്ടനും കൂടി എന്റടുത്ത് വീണ്ടും വന്നു. എനിക്ക് താല്പര്യമുണ്ട്  പക്ഷേ വീട്ടുകാർ സമ്മതിക്കില്ല എന്ന മറുപടി കേട്ട്, ഒരിക്കൽ കൂടി ശ്രമം നടത്താൻ അവർതീരുമാനിച്ചു. ജോസുമാഷുടെ അനുജൻ എന്ന നിലക്ക് അമ്മക്ക്ഫ്രാൻസിസ് ചേട്ടനെ  അമ്മക്കു വലിയ കാര്യവുമാണ്. അങ്ങനെ, ആദ്യം അവർ അമ്മയുടെ അടുത്തു ചെന്നു.......
     അമ്മ , 'അത് ശരിയാവില്ല' എന്ന് പറഞ്ഞു തുടങ്ങും മുമ്പേ അവർ അമ്മയോട് പറഞ്ഞു ,  മോഹനനും താല്പര്യമുണ്ട് എന്ന് ! അമ്മ എന്റെ മുഖത്തേക്ക് നോക്കി. ഞാൻ തല താഴ്ത്തി .... അമ്മയ്ക്ക് മനസ്സിലായി എന്റെ അറിവോടെ ആണ് അവർ വന്നിരിക്കുന്നതെന്ന്! 
"ദാസനോട് ഒന്ന് ചോദിച്ചു നോക്ക് " 
 അവർ ദാസേട്ടന്റെ അടുത്തെത്തി. കാര്യങ്ങൾ കേട്ട് കഴിഞ്ഞപ്പോൾ, കൂട്ടത്തിൽ എനിക്കും താല്പര്യമുണ്ട് എന്ന വിവരം കൂടിയറിഞ്ഞപ്പോൾ ദാസേട്ടൻ അവരോട്  ചോദിച്ചു : 
"റിഹേഴ്സൽ എത്ര മണിവരെയാ? "
"ഒരു പതിനൊന്നു മണി വരെ " 
"അത് ശരിയാവില്ല! ഒമ്പതു മണി വരെ ആണെങ്കിൽ അവനെ വിടാം..." 
അവർക്ക് സന്തോഷമായി . 
അന്ന് നെൽസൺ സാറു  വരുന്ന ദിവസം ആയിരുന്നു... ഒമ്പത് മണി   അവർ സമ്മതിച്ചു
     ക്യാമ്പിൽ ചെല്ലുന്നതിനു മുൻപേ 
ഫ്രാൻസിസ് ചേട്ടനോട്  പ്രസ്തുത കഥാപാത്രത്തെപ്പറ്റി ഞാൻ ചോദിച്ചു മനസ്സിലാക്കിയിരുന്നു.
     സെലക് ഷനു വേണ്ടി നെൽസൺ സാറിന്റെ  മുമ്പിൽനിന്ന എന്നോട്,  എന്തെങ്കിലും ചെയ്യാനോ ഡയലോഗ് പറയാനോ നിർദ്ദേശിക്കും മുമ്പേ ഞാൻ ഒരുസംശയം ചോദിച്ചു :
"സാറേ, അന്ധനായ ബാലൻ എന്നു വച്ചാൽ,  കണ്ണ് ഏതു തരത്തിലാണ് ഉദ്ദേശിക്കുന്നത് " 
    സാറ് , മിണ്ടാതെ അൽപം നേരം എന്നെ നോക്കി ഇരുന്നു. എന്നിട്ട്, തിരിച്ച് എന്നോട് ഒരു ചോദ്യം:
" നിനക്ക് ഏതെല്ലാം തരത്തിൽ അറിയാം ? "
 ഹാളിൽ എല്ലാരുടെയും മുഖത്ത് തികഞ്ഞ വല്ലായ്മ. പോളിച്ചേട്ടന്റെ  മുഖത്ത് വിവിധ രസങ്ങൾ. കുഴപ്പമായോ? സംശയിച്ചു. എങ്കിലും വിട്ടില്ല....
"മൂന്നു തരത്തിൽ അറിയാം " 
"പറയ്....കേൾക്കട്ടെ "
ഹാളിൽ നിശ്ശബ്ദത! 
"ഒന്നു കണ്ണടച്ച് ...."
"ഓക്കെ. പിന്നെ? "
"കണ്ണ് അനക്കാതെ തുറന്നു പിടിച്ചിട്ട് ഇടയ്ക്കിടെ കണ്ണ് ചിമ്മിച്ചിമ്മി ..."
"ശരി,  മൂന്നാമത്തെ ? "
"മൂന്നാമത്തെ ....."
ഞാനെന്റെ മിഴിരണ്ടും മുകളിലേക്ക്  ഉയർത്തി, കൃഷ്ണമണി മിക്കവാറും കാണാത്ത തരത്തിൽ ആക്കി കാണിച്ചിട്ടു പറഞ്ഞു:
"....ഇങ്ങനെ."
 സാറിന്റെ മുഖം തെളിഞ്ഞു. എന്നിട്ട് എന്നോട് പറഞ്ഞു :
"ഇതിലെ ഈ കഥാപാത്രം രംഗത്ത് ഏതാണ്ട് മുഴുവൻ സമയവും ഉള്ളതാണ്. അത്രയും സമയം മിഴി മുകളിലേക്ക് മറിച്ചു പിടിച്ചാൽ നിന്റെ കണ്ണ് കഴക്കും . കണ്ണുവേദനിച്ചാൽ ,  അറിയാതെ മിഴി നേരേ ആവും....
ആകെ പാളിപ്പോകും! സിനിമ ആണെങ്കിൽ കുഴപ്പമില്ല . നീ
രണ്ടാമത്തെ രീതിയിൽ ചെയ്താൽ
മതി !"
       (വളരെ വർഷങ്ങൾക്കു ശേഷം കലാഭവൻ മണി, 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ' എന്ന സിനിമയിൽ അന്ധഗായകനായി അഭിനയിച്ച രീതി കണ്ടപ്പോൾ, ആ സിനിമ കാൺകേ ഞാൻ നെൽസൺ സാറിന്റെ വാക്കുകൾ അറിയാതെ ഓർത്തുപോയി.) 
  പിന്നീട് എന്നെ കൊണ്ട് ഡയലോഗ് പറയിപ്പിച്ചു.  ഉടൻ, സാറ് തിരിഞ്ഞ് ജേക്കബ് ചേട്ടനെ ശകാരിച്ചു :
"ഈ പയ്യൻ ഉണ്ടായിട്ടാണോ നിങ്ങൾ ഇത്ര നാൾ വെറുതേ ബുദ്ധിമുട്ടിച്ചത്"
         അവരെ രക്ഷിക്കാൻ വേണ്ടി ഞാൻ മറുപടി പറഞ്ഞു:
"വീട്ടിൽസമ്മതിക്കില്ലായിരുന്നുസാറേ.   ഇപ്പത്തന്നെ ഒമ്പതു മണിയെന്നു
സമ്മതിച്ചിട്ടാ വിട്ടത് ....."
അങ്ങനെ ,
"വേദനയുടെ താഴ്‌വരയിൽ" എന്ന 
സി എൽ ജോസ് നാടകത്തിലെ 
ബാബു എന്ന കഥാപാത്രത്തെ 
അവതരിപ്പിക്കാൻ ഞാൻ തെരഞ്ഞെടുക്കപ്പെട്ടു . അന്നത്തെ ദിവസം എനിക്കുവേണ്ടി മാത്രം പ്രോംറ്റു ചെയ്യാൻ  ഒരാളെ ഏർപ്പാടാക്കി. നാടക ബുക്ക് തന്നെ 
എനിക്ക് വീട്ടിലേക്ക് തന്നുവിട്ടു. 
ഏതാണ്ട് രണ്ടു ദിവസം കൊണ്ട് 
ബാബു മോനെ  മനസ്സിലേക്ക് ആവാഹിക്കാൻ എനിക്കു കഴിഞ്ഞു. 
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലതും ഇതിനോടകം നെൽസൺ സാറു
 പറഞ്ഞുതന്നിരുന്നു. അന്ധന്മാർ നടക്കുമ്പോൾ അവരുടെ തോളുകൾ ചലിപ്പിക്കുന്ന വിധം, അതിന്റെ താളം,
വടിയില്ലാതെ നടക്കുന്ന വേളകളിൽ കൈ പിടിക്കേണ്ട രീതി, വടി കയ്യിൽ  ഉപയോഗിക്കേണ്ടത് എല്ലാം പറഞ്ഞു 
തന്നു. ഏഴാം ക്ലാസിലെ പരീക്ഷ കഴിഞ്ഞുള്ള വെക്കേഷൻ ആണ്.  അതുകൊണ്ട് പകൽസമയം മുഴുവൻ വീട്ടിലിരുന്ന് ഞാൻ ബാബുമോന്റെ ഡയലോഗ് പഠിച്ചു .  വീട്ടിൽ തന്നെ നടന്നുനോക്കി. 
ബാബുമോൻ ആയി മാറാനുള്ള കഠിനശ്രമത്തിലായിരുന്നു ഞാൻ !
പിറ്റേഞായറാഴ്ച നെൽസൺസാറും 
സീയെൽ ജോസും വരുമ്പോൾ 
അവർ ആഗ്രഹിച്ച ബാബുമോനെ 
അവരുടെ മുമ്പിൽ അഭിനയിച്ചു കാണിക്കാൻ എനിക്ക് കഴിഞ്ഞു. 
അവർ രണ്ടു പേരും വളരെയേറെ സന്തുഷ്ടരായി. സംഭാഷണവും രംഗചലനങ്ങളും ഇഴുകിച്ചേർന്ന് 
അനിർവചനീയമായ അനുഭവമായി.
റിഹേഴ്സൽ കൊടുമ്പിരികൊണ്ടു. 
തീയതി തീരുമാനിച്ചു . നോട്ടീസ്സായി.
സെൻറ് ഗ്രിഗോറിയോസ് സ്കൂൾ ഗ്രൗണ്ടു മുതൽ ഇപ്പോൾ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലായ സെന്റ് . വിൻസെന്റ് ഡീ പോൾ ആശുപത്രി  
ഇരിക്കുന്ന ഇടം വരെയുള്ള
 വളരെ വിശാലമായ ഒരു ഏരിയ പള്ളിയുടെ അനുവാദത്തോടെ സ്റ്റേജ് കെട്ടാനും ഇരിപ്പിടങ്ങൾ സജ്ജീകരിക്കാനുമുള്ള വേദി ആയി. 
ഒമ്പത് മണിവരെ റിഹേഴ്സൽ. 
ഒമ്പതിനു എന്നെ കൊണ്ടുപോകാൻ
ചേട്ടൻ വരും. ബാക്കിയുള്ളവർ
റിഹേഴ്സൽ 11 മണി വരെ തുടരും. 
ഇതിനിടെ, അഭിനയം ഒരു ഹരമായി മാറുന്ന രീതിയിലേക്ക് ഞങ്ങളുടെ 
റിഹേഴ്സൽ പുരോഗമിച്ചുകഴിഞ്ഞു.
മറ്റുള്ളവർ മോഹനൻ എന്ന പേര് പോലും മറന്ന് കഥാപാത്രത്തിന്റെ പേര് വിളിക്കാൻ തുടങ്ങിയിരുന്നു! 
  ഒടുവിൽ ആ സുദിനം വന്നുചേർന്നു. 
ഇതിനോടകം നാടകം നടക്കുന്ന 
കോമ്പൗണ്ട്, ഓലയും പനമ്പും ഒക്കെ ഉപയോഗിച്ച് രണ്ടാൾ പൊക്കത്തിൽ കെട്ടി മറച്ച്, ഓഡിറ്റോറിയമാക്കി. ആക്കനത്തിന്റെ കർട്ടനും ലൈറ്റ് & സൗണ്ടും .ഓഡിറ്റോറിയം നിറഞ്ഞു
കവിഞ്ഞ് പ്രേക്ഷകർ നിൽക്കുന്നു!
 "വേദനയുടെ താഴ് വരയിൽ" എന്ന
 മറക്കാനാവാത്ത അനുഭവങ്ങളുടെ നാടകം തുടങ്ങുകയായി ....... 
_________________________________

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.