ഓർമ്മച്ചെപ്പ് 20
"നാടകാന്തം ....... "
മോഹൻ ചെറായി
mob. 97456 40456.
നാടകം നടത്തി ശേഖരിച്ച പണം കൊണ്ട് ക്ലബ്ബ് ഒട്ടേറെ
ആർട്സ് ഉപകരണങ്ങളും സ്പോർട്സ് ഉപകരണങ്ങളും
വാങ്ങുകയുണ്ടായി. തബലയും ഢക്കയും, ഗിറ്റാർ , ഹാർമോണിയം എന്നു വേണ്ട ക്ലബ്ബിൽ ധാരാളം പുതിയ സംഗീതോപകരണങ്ങൾ എത്തി. എനിക്ക് ക്ലബ്ബ് ഒരു ഓണറ റി മെമ്പർഷിപ്പ് തന്നു. വരിസംഖ്യ വേണ്ട.
ക്ലബ്ബിലെ മെമ്പർമാർക്ക് ഉള്ള എല്ലാ സൗകര്യങ്ങളും ഉപയോഗിക്കുകയും ചെയ്യാം .
സംഗീത ഉപകരണങ്ങൾ പഠിപ്പിക്കാനായി ക്ലബ്ബ് ഒരാളെ അന്വേഷിച്ചുകൊണ്ടിരിക്കേയാണ്
ആ അതിഥി ക്ലബ്ബിലേക്ക് കയറി വന്നത്. പേര് ഗോവിന്ദ റാവു. മെലിഞ്ഞു സുമുഖനായ ആ സൗമ്യ പ്രകൃതക്കാരൻ ക്ലബ്ബിലേക്കുള്ള സ്റ്റെയർ കയറി വന്ന് , ആദ്യം കണ്ട എന്നോട് ചോദിച്ചു :
"അകത്തേക്കു വരാമോ ? "
" അതിനെന്താ തടസ്സം... വന്നോളൂ "
സെക്രട്ടറി അവിടെയുള്ളതിന്റെ ധൈര്യത്തിലാണ് ഞാൻ പറയുന്നത്.
"ആയിരിക്കുന്നാളാ സെക്രട്ടറി. ഒന്നു പറഞ്ഞോളൂ "
അയാളോടൊപ്പം ഞാനും ചെന്നു. ഞാൻ സെക്രട്ടറിയെ പരിചയപ്പെടുത്തി.
റാവുവിന്റെ അച്ഛനാണ് അയ്യമ്പിള്ളി ശിവക്ഷേത്രത്തിൽ പുതിയതായി നിയമിക്കപ്പെട്ട ശാന്തിക്കാരൻ .
ഗോവിന്ദറാവു എന്ന ജീ റാവു
അച്ഛനോടൊപ്പം വന്നതാണ് , കീഴ് ശാന്തിയായി ! കൂട്ടത്തിൽ, അന്നു
കുഴുപ്പിള്ളിയിൽ പ്രവർത്തിച്ചിരുന്ന 'ജയപ്രകാശ് ഹിന്ദി വിദ്യാലയത്തിൽ '
ടൈപ്പ് റൈറ്റിംഗ് പഠനം തുടരുക എന്നതായിരുന്നു ലക്ഷ്യം ....
സമയമേറെ ബാക്കിയുള്ളതിനാൽ ക്ലബ്ബുമായി ബന്ധപ്പെടാമല്ലോ എന്ന് കരുതി വന്നതാണ് . വിശദമായ ചർച്ചയിൽ ഞങ്ങൾക്ക് ഒരു കാര്യം ബോധ്യമായി : വന്നിരിക്കുന്നത് ഒരു
പുലിയാണ് !! വയലിൻ ഒഴിച്ച് ,
ഒരു മിക്ക സംഗീതോപകരണങ്ങളും വായിക്കുന്നയാളാണ് റാവു! നന്നായി പാടും .ഇതെല്ലാം അറിയുന്ന ഒരാളെ
ഒത്തു കിട്ടുന്നത് നല്ല കാര്യമാണല്ലോ. ഞാൻ സെക്രട്ടറിയുടെ അടുത്ത് രഹസ്യം പറഞ്ഞു. എന്നെ മെമ്പർ ആക്കിയത് പോലെ, പുളളിയേയും മെമ്പർ ആക്കിക്കൂടെ എന്നായിരുന്നു എന്റെ ചോദ്യം . ഭാരവാഹികളിൽ
മറ്റുള്ളവരേയും കമ്മിറ്റിയെയും ബോദ്ധ്യപ്പെടുത്താമെന്ന ഉറപ്പിൽ അപ്പോൾത്തന്നെ തീരുമാനിച്ചു.
സന്തോഷത്തോടെ റാവു ഈ ഓഫർ സ്വീകരിക്കയും ചെയ്തു. ഇവിടെ മോഹനനേ പോലുള്ള ആളുകൾ പാടാനുണ്ട് , ഫ്രാൻസിസിനെ പോലെ തബല വായിക്കാൻ താല്പര്യമുള്ള ആളുകളുണ്ട്. ഇവർക്കൊക്കെ എന്തെങ്കിലും അറിയാവുന്നതു പറഞ്ഞു കൊടുക്ക്. അഭ്യർത്ഥന റാവു ഏറ്റെടുത്തു . അങ്ങനെ ക്ലബ്ബിൽ ഞങ്ങൾ രണ്ട് ഓണറ റി മെമ്പർഷിപ്പ്കാരായി......
ദീപാരാധനയ്ക്കു മുമ്പ് റാവുവിന് അമ്പലത്തിൽ എത്തിയാൽ മതി.
രാവിലത്തെ പൂജയും ഭക്ഷണവും കഴിഞ്ഞാൽ റാവു കുഴുപ്പിള്ളിയിൽ വരും. ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിനു ശേഷം നേരെ ക്ലബ്ബിലേക്കും. നല്ല രീതിയിൽ കഥാപ്രസംഗം പറയുന്ന ആളുമാണ് റാവു എന്നകാര്യം പിന്നീടാണ് തിരിച്ചറിഞ്ഞത്. കഥ എഴുതുന്ന ആളാണ്, ഗാനമെഴുതുന്ന ആളുമാണ്. ചുരുക്കത്തിൽ , ഞങ്ങൾക്ക് കിട്ടിയിരിക്കുന്ന ഈ നറുംമുത്ത് ഒരു സകല കലാവല്ലഭൻ ആണ്. പിന്നീടുള്ള ദിവസങ്ങൾ വളരെ ആനന്ദപ്രദം ആയിരുന്നു .
ഫ്രാൻസിസ് ചേട്ടനും റാവുവും തബല വായിക്കുന്നതു കണ്ട് കുറേശ്ശേ തബല ഞാനും വായിച്ചപ്പോൾ റാവു പറഞ്ഞു , മോഹനൻ പാട്ടിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. റാവു തബല
വായിക്കുമ്പോൾ ഞാൻ താളമിടണം. അങ്ങനെ ഞങ്ങൾ പാടുമ്പോൾ വൈകുന്നേരങ്ങളിൽ പാലത്തിന്റെ കൈവരിയിൽ ഇരുന്നു ഞങ്ങളുടെ സംഗീതപരിപാടി ആസ്വദിക്കാൻ ആളു കൂടുക പിന്നീട് പതിവായി. പാടിയ പാട്ടിനെക്കുറിച്ച് ആളുകൾ അഭിപ്രായം പറയുന്ന സ്ഥിതി കൂടി വന്നപ്പോൾ ഞങ്ങൾക്ക് അതും ഒരു ആവേശമായി....
അറിഞ്ഞോ അറിയാതേയോ റാവുവുമായി ഞാൻ കൂടുതൽ ആത്മബന്ധം പുലർത്തുന്ന ഒരു സ്ഥിതിവിശേഷത്തിലേക്കു കടന്നു. ബ്രാം സ്റ്റാക്കറുടെ 'ഡ്രാക്കുള '
അക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പ് ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കുന്ന കാലം. ജൊനാതന്റെ ഡയറി കുറിപ്പുകൾ
വായിച്ചു മടുപ്പു തോന്നിയതിനാൽ ഉപേക്ഷിച്ചുകളഞ്ഞ ഡ്രാക്കുളയുടെ വായന ഞാൻ പുനരാരംഭിക്കുന്നത് റാവുവിന്റെ തിരുത്തലിൽ കൂടിയുള്ള തിരിച്ചറിവു മൂലമാണ് . പല സാഹിത്യ ചർച്ചകളും ഇക്കാലത്തു നടന്നു. ഇതിനിടെ ക്ലബ്ബിന് ഒരു പ്രോഗ്രാം കിട്ടി. അയ്യമ്പിള്ളിയിലെ ഒരു കാഥികനു പിന്നണിയായി ഞങ്ങൾ ഞാനടക്കം റാവു അടക്കം ഒരുടീം ചെല്ലണം . ഒരു തുക അതിനായി
കാഥികൻ ക്ലബ്ബിന് തരും. ക്ലബ്ബിൽ വച്ച് രണ്ടുദിവസം റിഹേഴ്സൽ.
അതു മതിയായിരുന്നു ......
അങ്ങനെ, അയ്യമ്പിള്ളി പാലത്തിന്റെ വടക്കു വശം, റോഡിനു പടിഞ്ഞാറു ഭാഗത്ത് കെട്ടി തയ്യാറാക്കിയ ആ സ്റ്റേജിൽ കാഥികനു മുമ്പ് ഞങ്ങൾ കയറിയതേ ഓർമ്മയുള്ളു....
ഭൂമികുലുക്കം ഉണ്ടായ ഒരു പ്രതീതി.
ആടിയുലഞ്ഞ് ഞാൻ തെക്കു വശത്തേക്കു ചെരിഞ്ഞുകിടക്കുന്ന സ്റ്റേജിലൂടെ താഴോട്ട് ഓടിയിറങ്ങി.
'ഡും ഡും ഡും ഡും' ഢക്ക , ഉരുണ്ടുരുണ്ട് തെക്കോട്ടു പായുന്നു.
തലകുത്തി മറിഞ്ഞ് , ഏതാണ്ട് മൂന്നു കുരങ്ങന്മാരില്ലേ, അതിലൊരുവനേ
പോലെ താഴെ വന്നിരിക്കുകയാണ് റാവു. ഒരുവശം ചരിഞ്ഞുകിടപ്പുണ്ട് , ഹാർമ്മോണിയം..... തീരെ അവശ നിലയിലാണു തബല ! ഗിറ്റാറും കുത്തിപ്പിടിച്ച്, ചാർളിചാപ്ലിൻ പോലെ
നിൽക്കുകയാണ് പോളിച്ചേട്ടൻ.
സ്റ്റേജിന്റെ വലതുവശം, നേരെ നാട്ടിയ രണ്ടു അടക്കാമരത്തിൽ നിന്നും സ്റ്റേജ് ഊർന്ന് ഇടിഞ്ഞു താഴ്ന്നതാണ് പ്രശ്നം !
റാവു പരിശോധിച്ചുനോക്കിയപ്പോൾ
ഹാർമോണിയത്തിന്റെ കറുത്ത കട്ടകളിൽ ചിലത് കാണാനില്ല . ഞാനും റാവുവും കൂടി അന്വേഷിച്ച് കറുത്ത കട്ടകൾ കണ്ടെടുത്തു . പിന്നീട് ഒട്ടിക്കാം എന്നു പറഞ്ഞ് റാവു അത് പോക്കറ്റിൽ ഇട്ടു.... അലകും
പിടിയും പോയ പോലായ തബല
ശരിയാക്കാൻ ഫ്രാൻസിസ് ചേട്ടനെ
റാവു തന്നെ സഹായിച്ചു. ഇതിനോടകം സംഘാടകർ വന്നു
സ്റ്റേജ് ഉയർത്താൻ ശ്രമം തുടങ്ങി.
സ്റ്റേജ് കെട്ടുന്നതിനേക്കാൾ നല്ല പ്രയാസമായിരുന്നു സ്റ്റേജുയർത്താൻ ഉയർത്തി, മുട്ടുകൊടുത്തു താഴെ ബെഞ്ചുകൾ നിരത്തി ഒരു തരത്തിൽ ഒപ്പിച്ചെടുത്തു..
അപ്പോഴേക്ക് ആളുകളിൽ കുറേ പോയിരുന്നു. നിർഭാഗ്യവശാൽ
ആളുകൾക്ക് ഇഷ്ടപ്പെടാത്ത ഒരു കഥാപ്രസംഗം ആയതോടെ,
അവസാനഭാഗത്ത്പിന്നണിക്കാരായ ഞങ്ങളും, മൈക്കുകാരനും മാത്രം....
കാഥികനു പിന്തുണയുമായി ഞങ്ങൾ അവസാനം വരെ കാത്തിരിക്കേണ്ടിവന്നു. ഞങ്ങൾക്ക് വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നിയ അവസ്ഥയായിരുന്നു അത്......
കലയും ക്ലബ്ബുമായി ഇങ്ങനെ പുരോഗമിക്കുന്നതിനിടയിൽ യു പി ക്ലാസിൽ നിന്ന് ജയിച്ച ഞാൻ , ഹൈസ്കൂളിൽ ചേരണമെന്നത് മറന്നു പോയിരുന്നു. ആനന്ദകരമായ കലാ ജീവിതത്തിനിടയ്ക്ക് സർവ്വം
മറന്നുപോയിരുന്നു ഞാൻ!
ദാസേട്ടൻ എന്നാണ് തീയതി എന്ന് ചോദിച്ചപ്പോഴാണ് തീയതി കഴിഞ്ഞു എന്നുള്ള കാര്യം ഞാൻ പോലും ഓർക്കുന്നത്. ദാസൻ ചേട്ടനെകുട്ടി രാമവർമ്മ യൂണിയൻ ഹൈ സ്കൂൾ വരെ ചെന്നെങ്കിലും
അഡ്മിഷൻ ക്ലോസ് ചെയ്തു
പോയിരുന്നു. ഒരു നിവർത്തിയുമില്ലാതെ അവിടെ നിന്ന് തലയുംതാഴ്ത്തി തിരിച്ചു പോന്നു.
പിന്നെ ആ ഒരു കൊല്ലം
വായനയുടെ വർഷം ആയിരുന്നു !
ഉറങ്ങുമ്പോഴും കുളിക്കുമ്പോഴും ഒഴികെ ,സദാ സമയവും വായന !
കുഴുപ്പിള്ളിയിലെ എസ് പി മുഖർജി മെമ്മോറിയൽ ലൈബ്രറിയിലേയും
ചെറായി പബ്ലിക് ലൈബ്രറിയിലെയും
പുസ്തകങ്ങൾ എടുത്ത് വായന തുടങ്ങി. ഒടുവിൽ എവിടെയെങ്കിലും പോകുമ്പോൾ പോലും റോഡിലൂടെ വായിച്ചു നടക്കുന്ന എന്നെപ്പറ്റി അമ്മയുടെ അടുത്ത് ചെന്ന് ചിലർ പരാതി പറഞ്ഞു, ' ആ ചെറുക്കന് ഭ്രാന്ത് പിടിച്ചു പോകും അവനോട് ഇങ്ങനെ വായിക്കേണ്ട എന്നു പറയ് ' എന്ന്. അമ്മ പറഞ്ഞു :
"എന്റെ മോന് ഒന്നും പറ്റില്ല ! "
അമ്മയുടെ അനുഗ്രഹം പോലെ തന്നെ ഒന്നും പറ്റിയില്ല . പലതരം, വിവിധ വിഭാഗങ്ങളിൽ പെട്ട ഒട്ടേറെ
പുസ്തകങ്ങൾ അക്ഷരാർത്ഥത്തിൽ തിന്നു തന്നെ തീർക്കുകയായിരുന്നു
ഞാൻ! തിരിഞ്ഞുനോക്കുമ്പോൾ
ഞാൻ എന്തെങ്കിലും ആയിട്ടുണ്ട് എങ്കിൽ , അതിന്റെ ഒരു പ്രധാന അടിത്തറ അന്നത്തെ ആ വായന തന്നെയായിരുന്നു ........
kerala
SHARE THIS ARTICLE