All Categories

Uploaded at 8 months ago | Date: 14/03/2023 20:53:18

പരിചയം
            
      *ഡോ. ഇന്ദിര*


                                 ചിങ്ങം,ധനു ,തുലാം ,അമൃത -കൃഷിശാസ്ത്രം പഠിച്ച ആർക്കുമറിയാം ഇവയെല്ലാം ശ്രദ്ധേയമായ മേന്മകളുള്ള നെല്ലിന്റെ വിളപ്പൊലിമയുള്ള ഇനങ്ങളാണെന്ന് ;"ചിങ്ങം" ഓണാട്ടുകരയിലെ വിരിപ്പുകൃഷിക്ക് ശുപാർശചെയ്യുന്നതാണെങ്കിൽ  "ധനു" ഓണാട്ടുകരയിലെ തന്നെ മുണ്ടകന്പ്രിയപ്പെട്ടതാണ് ;'തുലാം" എന്ന നെല്ലിനമാകട്ടെ കിഴക്കൻമേഖലയിലെ ചെമ്മൺ പ്രദേശങ്ങൾക്ക് യോജിച്ചതും; ഇനി ഓണാട്ടുകരയിലെ ഓരുമുണ്ടകൻ കൃഷിക്ക് യോജിച്ച മറ്റൊരു ഇനമാണ് "അമൃത". എള്ളിന്റെ കാര്യത്തിലേക്കു വന്നാലോ ?അവിടെയുമുണ്ട് ഒരു പുതുമുഖം -പേര് "തിലതാര" .വേനലിൽ തരിശ്ശിടുന്ന നെൽപ്പാടങ്ങൾക്കു കൂട്ടായി രണ്ട് അച്ചിങ്ങാപ്പയറിനങ്ങളുമുണ്ട് -ശ്രേയയും ഹൃദ്യയും. ഇതൊക്കെ എന്തിനു പറയുന്നു എന്നല്ലേ ?പറയാം.

പ്രഗത്ഭയായ ഒരു കൃഷി ശാസ്ത്രജ്ഞയാണ് ഇന്നത്തെ വിശിഷ്ട അതിഥി -ഡോ.എം.ഇന്ദിര. ശാസ്ത്രസാങ്കേതിക തത്വങ്ങൾ പറഞ്ഞാലും ഒരു കൃഷിശാസ്ത്രജ്ഞയെ/ശാസ്ത്രജ്ഞനെ കർഷകസമൂഹം എക്കാലവും ഓർക്കുന്നത് അല്ലെങ്കിൽ  ഓർക്കാൻ ഇഷ്‌ടപ്പെടുന്നത് തങ്ങൾക്ക്  തൊട്ടറിയാവുന്ന ഗവേഷണനേട്ടങ്ങൾ, തങ്ങളുടെ  ജീവിതത്തെ സ്വാധീനിച്ച കണ്ടുപിടിത്തങ്ങൾ  ഒക്കെ യാഥാർഥ്യമാകുമ്പോഴാണ് . ഡോ.ഇന്ദിര ഈ ഗണത്തിൽ പെടുന്ന ശാസ്ത്രജ്ഞയാണ് എന്നാണ് എന്റെ പക്ഷം.(വിനയാന്വിതയായ ഡോ.ഇന്ദിര ഒരുപക്ഷെ ഇത് തർക്കത്തിനുവേണ്ടി പോലും സമ്മതിച്ചുകൊള്ളണമെന്നില്ല !)

                           ഇനി ആദ്യം പറഞ്ഞ പുതിയ ഇനങ്ങളുടെ കാര്യത്തിലേക്ക് വരാം. ശ്രദ്ധേയമായ ഈ ഇനങ്ങളുടെയെല്ലാം  ശ്രമകരമായ കണ്ടെത്തൽ ഗവേഷണത്തിൽ ഡോ.ഇന്ദിരയും സജീവ പങ്കാളിയായിരുന്നു. ഇനങ്ങൾ കണ്ടെത്തി അവയ്ക്കു ജന്മം നൽകുന്ന പ്രക്രിയ സാക്ഷാൽ സസ്യ പ്രജനന ശാസ്ത്രജ്ഞരായ പ്ളാൻറ് ബ്രീഡർമാരുടെ ചുമതലയാണെങ്കിലും, മറ്റു ചില ഡിസിപ്ലിനുകളിലെ ശാസ്ത്രജ്ഞരുടെ സേവനവും ഇതിൽ അവിഭാജ്യമാണ്. പ്രത്യേകിച്ച് മണ്ണ് ശാസ്ത്ര ഗവേഷകരുടെ . കാരണം ഇനമേതായാലും വേരോടി കരുത്തു തെളിയിക്കേണ്ടതു് മണ്ണിലാണല്ലോ. ചുരുക്കത്തിൽ ഒരു പുതിയ വിളയിനം കണ്ടെത്തുന്ന സുദീർഘമായ പ്രവർത്തനത്തിൽ അവിഭാജ്യ പങ്കാളിയാണ് മണ്ണിൻറെ രചനയും ഘടനയും സ്വഭാവവും പ്രവർത്തനരീതിയും ഒക്കെ ഹൃദിസ്ഥമായ സോയിൽ സയൻറ്റിസ്റ്റ്‌. ഇവിടെയാണ് ഡോ.ഇന്ദിരയുടെ കഴിവും പ്രാഗല്ഭ്യവും അവശ്യം വേണ്ടത്. ഇത്തരത്തിൽ കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ വിവിധ കാർഷിക വിളകളുടെ നൂതന ഇനങ്ങളുടെ പിറവിക്കു പിന്നിൽ ഡോ.ഇന്ദിരയുടെയും കയ്യൊപ്പുണ്ട്.

        1978-82 കാലയളവിൽ വെള്ളായണി കാർഷിക കോളേജിൽ നിന്നാണ് ശ്രീമതി.ഇന്ദിര കൃഷി ശാസ്ത്രത്തിൽ ബിരുദം നേടുന്നത്. തുടർന്ന് സോയിൽ സയൻസിൽ ബിരുദാനന്തര ബിരുദവും  കാർഷിക രസതന്ത്രത്തിൽ പിഎച്.ഡിയും . ആദ്യഘട്ടത്തിൽ കുട്ടനാട് ഓ.ആർ.പീയിൽ കൃഷി ഓഫീസറായിരുന്നു.1988 ൽ മങ്കൊമ്പ് പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റൻറ് പ്രൊഫസർ ആയി . മണ്ണിലെ പോഷകപരിപാലനം ആയിരുന്നു ഡോ.ഇന്ദിരയുടെ ഇഷ്ടവിഷയം. കേരളത്തിൻറെ കാർഷിക വിളഭൂമിയായ ഓണാട്ടുകരയിലെ മണൽമണ്ണിനെ കുറിച്ചും അതിൻറെ സവിശേഷതകളെ കുറിച്ചും അതിൻറെ പരിപാലനത്തെ കുറിച്ചും നിരന്തരമുള്ള ഗവേഷണങ്ങൾ. ഏതാണ്ട് രണ്ടു ദശാബ്ദത്തിലേറെ ഈ മേഖലയിലായിരുന്നു ജോലി. ഇക്കാലയളവിലാണ് നെല്ല് ,എള്ള് ,വാഴ ,പച്ചക്കറികൾ ,തെങ്ങു് തുടങ്ങി പ്രധാന വിളകളുടെ പോഷകപരിപാലനം പഠനവിധേയമാക്കിയത് . കായങ്കുളം ഓ.ആർ.എ.ആർ . എസിൽ സർവ സജ്ജീകരണങ്ങളുമുള്ള ഒരു മികച്ച മണ്ണ് പരിശോധനാ ശാല സ്ഥാപിക്കാൻ കഴിഞ്ഞത് ഇക്കാലത്തെ ഒരു വലിയ നേട്ടമായി. ഒപ്പം ജൈവകൃഷിരീതികൾ സംബന്ധിച്ച ഗവേഷണവും ഡോ.ഇന്ദിര ഏറ്റെടുത്തു. നെല്ല് ,എള്ള് ,പച്ചക്കറികൾ എന്നിവയുടെ പുതിയ ഇനങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളുമായി ഇന്ദിര കൈകോർക്കുന്നതും ഇതേ കാലയളവിലാണ്. അച്ചിങ്ങാപ്പയർ ,പാവൽ ,പടവലം തുടങ്ങിയവയുടെ കൃഷിവിജയത്തിൽ ദ്വിതീയ മൂലകങ്ങളുടെയും സൂക്ഷ്മ മൂലകങ്ങളുടെയും പ്രാധാന്യം കണ്ടെത്തി അവ ശുപാർശകളിൽ ഉൾപ്പെടുത്താനായി. കൂട്ടത്തിൽ നിരവധി കൃഷി ബിരുദാനന്തര-ഗവേഷണ വിദ്യാർത്ഥികൾക്ക് വഴികാട്ടിയായും അവരുടെ ഉപദേശകസമിതിയുടെ അധ്യക്ഷ പദവിയും വഹിച്ചു.

                 2017 ലാണ് ഡോ.ഇന്ദിര തിരുവല്ല കാർഷിക ഗവേഷണ കേന്ദ്രം പ്രൊഫെസ്സറും മേധാവിയുമായി ചുമതലയെടുത്തത്. ഈ കാലയളവിലാണ് കരിമ്പിൻറെ ഉല്പാദനസങ്കേതത്തിൽ മുഴുകിയത്. 2021 ൽ വിരമിക്കുന്നതുവരെ ഇവിടെത്തന്നെ തുടർന്നു. "മിത്ര" എന്ന് പേരായ നീളൻ അച്ചിങ്ങാ പയറിൻറെ പിറവിയിൽ ഡോ.ഇന്ദിര പങ്കാളിയാകുന്നത് തിരുവല്ലയിലെ സേവന കാലത്താണ്.

                     ഇനി ചില കാര്യങ്ങൾ കൂടെ പറഞ്ഞു നിർത്താം. മണ്ണിലാണ് മനുഷ്യൻ എല്ലാവിധ വിരോധാഭാസ പ്രവർത്തനങ്ങളും നടത്തുന്നത് എന്ന സത്യം അവൻ കാലക്രമേണ സൗകര്യപൂർവം മറക്കുന്നതായാണ് നാം കാണാറ്. അതുകൊണ്ടാണല്ലോ സർവം സഹയായ ഭൂമി എന്ന പ്രയോഗം തന്നെ ഉണ്ടായത്. മണ്ണിനു മുകളിലുള്ള ഭാഗം മാത്രമേ നമുക്ക് ഗോചരമാകുകയുള്ളു. മണ്ണിനു താഴെ എന്ത് നടക്കുന്നു എന്ന് അറിയാൻ നാമാരും മെനക്കെടാറില്ല. എന്നാൽ മണ്ണു ശാസ്ത്രത്തിൽ നിരന്തരം ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞർ അങ്ങനെയല്ല; അവർ സദാ നേത്ര ഗോചരമല്ലാത്ത മണ്ണിൻറെ അടരുകളിൽ നടക്കുന്ന രാസ-ഭൗതിക പ്രവർത്തനങ്ങൾ പഠിക്കുന്നവരാണ്. കേരളത്തിലെ കാർഷിക ആവാസ വ്യവസ്ഥകളിലെ മണ്ണിൻറെ വളപ്പറ്റിനെ കുറിച്ച് നടത്തിയ ബൃഹദ്ഗവേഷണത്തിന് 2018 ൽ ഡോ.ഇന്ദിര നേതൃത്വം നൽകിയ ടീം മികവിൻറെ അവാർഡ് കരസ്ഥമാക്കി. പത്തു കേന്ദ്രങ്ങളിലായി നടത്തിയ  ഈ പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ആയിരുന്നു; ഇതിൻറെ കോ ഓർഡിനേറ്റർ പ്രഗത്ഭശാസ്ത്രജ്ഞനായ ഡോ.പി.സുരേഷ് കുമാറും. ഒരു ബ്ലോക്കിൽ ഒരു കാർഷിക വിജ്ഞാന കേന്ദ്രം എന്ന പദ്ധതി പ്രകാരം പത്തനംതിട്ടയിൽ പുല്ലാട് ബ്ലോക്കിൻറെ അഗ്രിക്കൾച്ചർ നോളഡ്ജ് സെന്ററിൻറെ ചുമതല ഡോ.ഇന്ദിരയ്ക്കായിരുന്നു. കൃഷിഗവേഷണവും അതിൻറെ പ്രായോഗികാവൽക്കരണവും ഏറെ ഇഷ്ടപ്പെടുന്ന ഡോ.ഇന്ദിര നിരവധി ശാസ്ത്ര ലേഖനങ്ങളുടെ രചയിതാവ് കൂടെയാണ്. എത്ര തിരക്കിലും ഒരു ലേഖനം ആവശ്യപ്പെട്ടാൽ കൃത്യതയോടെ എഴുതി തരാൻ താൽപര്യം കാട്ടുകയും ചെയ്യുന്നു.

 എൻറെ സഹപാഠി കൂടെയായ ഡോ.ഇന്ദിര കായംകുളത്തു ചേരാവള്ളിയിൽ  സകുടുംബം താമസിക്കുന്നു.

( സുരേഷ് മുതുകുളം )

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.