പുസ്തക പരിചയം
സാമൂഹിക പരിഷ്കർത്താവ് വി കെ കേളപ്പനാശാൻ
(ചരിത്രം)
ടൈറ്റസ് ഗോതുരുത്ത്
പ്രണത ബുക്സ്, കൊച്ചി 18
ടൈറ്റസ് ഗോതുരുത്ത് രചിച്ച സാമൂഹിക പരിഷ്കർത്താവ് വി കെ കേളപ്പനാശാൻ എന്ന ഗ്രന്ഥം ഒരു ജീവചരിത്രം എന്നതിനപ്പുറം ഒരു നാടിൻ്റെ ചരിത്രം വെളിവാക്കുന്ന കൃതിയാണ്.
ചേന്ദമംഗലം എന്ന പ്രദേശം ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട സ്ഥലമാണ്.
പാലിയത്തച്ചന്മാരുടെ ചരിത്രവും,
ജൂതപ്പള്ളിയും ഒക്കെയുള്ള സ്ഥലം.
ചേന്ദമംഗലം പഞ്ചായത്തിലെ ഒരു ചെറിയ പ്രദേശമാണ് വടക്കുംപുറം . കേളപ്പൻ ആശാൻ വടക്കും പുറത്ത് ജനിച്ചു എന്നതുകൊണ്ടു തന്നെ ഈ ചെറിയ പ്രദേശവും ചരിത്രത്തിൻറെ ഭാഗമാവുകയാണ്.
1869 ൽ കേളപ്പൻ ആശാൻ ജനിച്ച് വളർന്നുവന്ന കാലഘട്ടം ഏറെ സാമൂഹ്യ സാമുദായിക പ്രതിസന്ധികൾ നിലനിന്നിരുന്ന കാലമാണ്.
അക്ഷരജ്ഞാനം ഇല്ലായ്മയും ജാതി അസമത്വങ്ങളും അതുമൂലം താഴ്ന്ന ജാതിക്കാർ അനുഭവിക്കേണ്ടിവന്ന ക്ലേശങ്ങളും പുതു തലമുറയ്ക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
കേളപ്പൻ ആശാൻ ഒരു സംസ്കൃതപാഠശാല ആരംഭിച്ചു. കരിമ്പാടത്തെ ഇന്നത്തെ പ്രസിദ്ധമായ ഡി ഡി സഭ സ്കൂൾ സ്ഥാപിച്ചതും ആശാനാണ്. അയിത്താചാരങ്ങൾക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരുന്നു.
അക്കാലത്ത് സഹോദരൻ്റെ നേതൃത്വത്തിൽ നടന്ന മിശ്രഭോജനത്തിൽ പങ്കെടുക്കുകയും കുറെ പേരെ പങ്കെടുപ്പിക്കുകയും ചെയ്തു.
കഥാപ്രസംഗം എന്ന കല അരങ്ങേറിയത് കേളപ്പൻ ആശാൻ്റെ പാംശാലയിൽ ആയിരുന്നു. നൂറ് വർഷങ്ങൾക്കു മുമ്പാണത്.
സംസ്കൃതപാഠശാല സ്ഥാപകൻ, പൊതു വിദ്യാലയ സ്ഥാപകൻ, ശ്രീനാരായണ ഗുരുവിൻറെ ശിഷ്യൻ, സഹോദരൻറെ സഹയാത്രികൻ, അധ്യാപകൻ ആയുർവ്വേദ ചികിത്സകൻ എന്നീ നിലകളിൽ ആശാൻ ചെയ്ത കാര്യങ്ങൾ നിരവധിയാണ്.
ആറ് ഭാഗങ്ങളായാണ് ഈ പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഒന്നാമദ്ധ്യായം വടക്കുംപുറത്തിൻറെ ചരിത്രമാണ്. രണ്ടാം അധ്യായം വടക്കുംപുറവും ശ്രീനാരായണഗുരുദേവനുമായുള്ള ബന്ധം ആണ് പ്രതിപാദിക്കുന്നത്. മൂന്നാം അധ്യായത്തിലാണ് കേളപ്പൻ ആശാൻറെ ജീവിതം പ്രധാനമായും വിവരിക്കുന്നത്. ആശാൻ്റെ സ്മരണ നിലനിർത്താൻ ചെയ്യുന്ന കാര്യങ്ങളും ഈ അധ്യായത്തിൽ വിവരിക്കുന്നുണ്ട്.
കേളപ്പൻ ആശാനും സഹോദരൻ അയ്യപ്പനുമായുള്ള ബന്ധവും പ്രവർത്തനങ്ങളുമാണ് നാലാം അധ്യായത്തിൽ.
കഥാപ്രസംഗത്തിൻറെ കഥയ്ക്കു വേണ്ടി മാത്രമാണ് അഞ്ചാം അധ്യായം.
വടക്കുംപുറത്തിൻ്റെ പൊതുവിവരങ്ങൾ എന്ന ആറാം അധ്യായത്തിൽ ആരാധനാലയങ്ങൾ, ചികിത്സാലയങ്ങൾ, മറ്റു സ്ഥാപനങ്ങൾ, തൊഴിൽമേഖലകൾ എന്നിവ പ്രതിപാദിക്കുന്നു.
കേളപ്പൻ ആശാൻ്റെ സ്മരണ നിലനിർത്തുന്നതിനായി ആശാൻ മൈതാനം, കേളപ്പൻ ആശാൻ സാംസ്കാരികകേന്ദ്രം, കേളപ്പൻ ആശാൻ സ്മൃതികുടീരം, കേളപ്പൻ ആശാൻ സ്മാരകം, കേളപ്പൻ ആശാൻ റോഡ്, സർവ്വോപരി കേളപ്പൻ ആശാൻ ചരിത്ര പഠന കേന്ദ്രം എന്നിവ അദ്ദേഹത്തോടുള്ള നാടിൻറെ ആദരവ് പ്രകടിപ്പിക്കാൻ പര്യാപ്തമാണ്.
കേളപ്പനാശാൻ്റെ ജീവചരിത്ര ത്തിലൂടെ വടക്കുംപുറം എന്ന ഗ്രാമവും ലോക ശ്രദ്ധയിലേക്ക് എത്തുകയാണന്നെ വസ്തുത ഇവിടെ സ്മരിക്കാതിരിക്കാനാകില്ല.
( വി ആർ നോയൽ രാജ് )
kerala
SHARE THIS ARTICLE