കഥ
------
അ ച്ച മ്മ
അശോകൻ അഞ്ചത്ത്
ലക്ഷ്മിക്കുട്ടി എന്നാണ് പേര്. എച്ച്മു എന്ന് വിളിക്കുന്നുവെന്നെയുള്ളൂ. തരാതരക്കാരിൽ പ്രായക്കുറവുള്ളവർ എച്ചുമേച്ചി എന്നു വിളിക്കും. അത് നാട്ടുകാരായാലും ബന്ധത്തിലുള്ളവരായാലും . എഴുപതിനപ്പുറമാണ് പ്രായമെങ്കിലും അസ്കിതകളുണ്ടായിട്ടില്ല. '
പനങ്കുല പോലെ കിടക്കുന്ന കനത്ത മുടിയഴകു കണ്ട് ഭ്രമിച്ച് പേരക്കുട്ടികളായ പെൺകുട്ടികൾ അസൂയപ്പെടാറുണ്ട്.
- അച്ഛൻ്റമ്മക്ക് എന്തോറം മുട്യാ... അതും നല്ല ഉള്ളുള്ളത്..
വൈദ്യരുടെ ഔഷധ എണ്ണയാണ് അതിനു പിന്നിലെന്നു പറഞ്ഞാൽ ആർക്കും വിശ്വാസം വരില്ല.
- എന്നാലും ഇങ്ങിനെ മുടി വളര്വോ...
അവരുപയോഗിക്കാറുള്ളത് വർണ്ണ പാക്കറ്റിൽ കിട്ടുന്ന എണ്ണയാണ്. അത് വാങ്ങാൻ കാരണം ടെലിവിഷനിലെ പരസ്യങ്ങളാണെന്ന് എച്ച്മുവിനറിയാം.
മകൻ്റെ മകന് അച്ചമ്മയെ ഇഷ്ടപ്പെടാൻ കഴിഞ്ഞില്ല. അച്ചമ്മ ഓരോന്ന് ഉപദേശിച്ചപ്പോഴൊക്കെ അവൻ എതിരു പറഞ്ഞു. . അപ്പോഴാണ് അയാൾ അമ്മയെ അടുത്തു വിളിച്ചിരുത്തി പറഞ്ഞത്.
- അമ്മയ്ക്ക് മിണ്ടാണ്ടിരുന്നൂടെ അമ്മേ.... ? ഇപ്പഴത്തെ കുട്ടികൾ ഇങ്ങിനെയൊക്കെയാണ് അമ്മേ...
ചുണ്ടിനു മുന്നിൽ രണ്ട് വിരൽ വച്ച് വഴിയൊരുക്കി മുറക്കാൻ നീര് മുറ്റത്തേക്ക് നീട്ടി തുപ്പി അച്ചമ്മ ചോദിച്ചു.
- അതിനെന്താ പ്രഭാകരാ... അവൻ്റെ പ്രായം കഴിഞ്ഞിട്ടല്ലെ ഞാനും നീയ്യും ഇത്രയായത്...
അപ്പോഴയാൾ മകനെ ഉപദേശിച്ചു.
- അച്ചമ്മക്ക് വയസ്സ് എഴുപത്തിയാറായി.. വാർധക്യം എല്ലാവർക്കും ഉണ്ടാകുന്ന ഒരവസ്ഥയാണ്. നിനക്കുമുണ്ട് അച്ഛനുമമ്മയും. ഞങ്ങൾക്കും വയസ്സാകും. അപ്പോൾ നിനക്കുണ്ടാകുന്ന മക്കളും ഇതുപോലെയാവോ..?
മകൻ ന്യായം പറഞ്ഞു.
- അച്ചമ്മ എൻ്റെ കാര്യത്തിലിടപെടണ്ട...
- ഗോപാ.. ഒന്നു കൂടി കേൾക്കു... വയസ്സായവരുടെ ശാപം വാങ്ങി വയ്ക്കരുത്.. പിന്നീടൊരിക്കൽ അത് തലയിലിരിക്കുന്ന പാമ്പായി മാറും.. ആ ശാപത്തിന് പ്രതിവിധിയില്ല.
കുറേശ്ശേ ജ്യോതിഷം അറിയുന്ന അയാൾ ആ വഴിക്കും മകൻ്റെ മനസ്സ് മാറ്റാൻ നോക്കി.
- അച്ഛൻ എന്താ പറയണെ.. സയൻസിൻ്റെ കാലാ ഇത്... മനുഷ്യൻ ചന്ദ്രനിൽ പോയി വരുന്നു. ചൊവ്വയിലേക്ക് പറക്കാൻ ഒരുങ്ങുന്നു. ശാപവും മുജ്ജന്മവും എന്നോട് വേണ്ട...
എച്ച്മു വിടാനുള്ള ഭാവമില്ല. പേരക്കുട്ടിയോട് പറഞ്ഞു. '
- നീ നന്നാവട്ടെന്ന് വിചാരിച്ച് പറയണതാ.. ഇപ്പഴത്തെ കുട്ട്യോൾടെ കാര്യങ്ങള് കാണുമ്പോ...
- അച്ചമ്മ എന്നെ ഉപദേശിക്കാൻ വരണ്ട...
അവൻ അച്ചമ്മയോട് കയർത്തു. പിന്നെ ചാടി തുള്ളി ക്രിക്കറ്റ് ബാറ്റുമെടുത്ത് സൈക്കിളിൽ പാഞ്ഞു.
അയാൾ അമയോട് പറഞ്ഞു.
- സാരല്യാ . അമ്മേ.. അവൻ കുട്ടിയല്ലേ...
എച്ച്മു മുരണ്ടു.
- പതിനെട്ട് വയസ്സായിട്ട് കുട്ടിയോ..?
അയാൾക്ക് പറയാൻ വാക്കുകളുണ്ടായിരുന്നില്ല.
പിന്നീട് എച്ച്മു അയാളുടെ ഭാര്യക്കടുത്തു ചെന്നു. അടുക്കളയിൽ രമ പിടിപ്പതു പണിയിലായിരുന്നു. അവളോടും തുടങ്ങി ഉപദേശം.
രമയ്ക്ക് ദേഷ്യം വന്നു തുടങ്ങി. അവളുടെ അപേക്ഷ അയാൾ കേട്ടു.
- അമ്മ എവിടെങ്കിലും പോയി കിടക്കൂ അമ്മേ... ഇവിടെ വന്ന് ശല്യം ചെയ്യല്ലേ...
അയാൾ വിചാരിച്ചു. താൻ ക്വാർട്ടേഴ്സിലായിരിക്കുന്ന നാളുകളിലെല്ലാം ഇതു തന്നെയാണോ സ്ഥിതി.
പുറത്തുവന്ന അമ്മയോട് അയാൾ ചോദിച്ചു.
- മിണ്ടാണ്ടിരുന്നൂടെ അമ്മേ..
- മിണ്ടാണ്ടിരുന്ന എന്താ കാര്യം... മനുഷ്യരാവുമ്പോ ഒരു വീടൊവുമ്പോ അങ്ങട്ടും ഇങ്ങട്ടും മിണ്ടണ്ടെ.. ഓ, നിൻ്റെ കാലത്ത് അതൊന്നും ഇല്ലല്ലോ അല്ലേ.. അയൽവക്കക്കാർ തമ്മിലറിയില്ല... ബന്ധുക്കൾ തമ്മിലറിയില്ല... എന്തൊരു ജീവിതമാടാ പ്രഭാകരാ ഇത്...
അമ്മ ശബ്ദത്തോടെ ചോദിച്ചു. അയാൾക്ക് മറുപടിയുണ്ടായിരുന്നില്ല
അയാളുടെ പോലെ മധ്യവർഗ്ഗക്കാർ താമസിക്കുന്ന പാർപ്പിട കോളനി . ഇരുപത്തിയെട്ടു വീട്ടുകാർ'. ആരൊക്കെ എന്തൊക്കെ എന്നറിയില്ല. ചിലർക്ക് ചിലരുമായി മാത്രം ബന്ധം ങ്ങൾ. അയാളുടെ ജീവിതം ആഴ്ചയിൽ ആറ് ദിവസം നഗരത്തിലെ ആഫീസ് ക്വാർട്ടേഴ്സിൽ.
- പ്രഭാകരാ.. എനിക്ക് വയസ്സ് എൺപതാവാറായി... നിൻ്റച്ഛൻ എൺപത്തിരണ്ടിലാ പോയത്... അത് ഒരപകടത്തിലായിരുന്നു.. അല്ലെങ്കിൽ ഇപ്പഴും ഉണ്ടാകുമായിരുന്നു. നിനക്കിപ്പോ എത്ര വയസ്സായി... ? എച്ച്മു അയാളോട് തലനീട്ടി ചോദിച്ചു.
- അമ്പത്തിനാല്. അയാൾ ഒരു കുട്ടിയെ പോലെ പറഞ്ഞു.
- ഞങ്ങടെ കാലത്തൊക്കെ പേരക്കുട്ടികളെ ഉപദേശിച്ചും ശാസിച്ചും കൂടെ കിടത്തിയുറക്കിയിരുന്നതുമൊക്കെ അവരവരുടെ അമ്മൂമ്മാരും മുത്തച്ഛൻമാരുമാണ്. ഇന്നെന്താ അവസ്ഥ'... അച്ഛനുമമ്മയ്ക്കും ഒരു മുറി.. മക്കൾക്ക് വേറെ.... വിരുന്നു കാർക്ക് വേറെ... വയസ്സായവർക്ക് വേറെ ...
എച്ച്മു പറഞ്ഞു കൊണ്ടിരുന്നു.
- ഗോപനെ ഞാൻ ചിലപ്പോഴൊക്കെ ചീത്ത പറയാറുണ്ട്. അവന് എൻ്റെ പറച്ചിലും ഞാനടുത്തു വരണതും ഇഷ്ടല്ല.. എന്തടാ നിൻ്റെ മക്കള് ഇങ്ങിന്യാവണെ...
അയാൾ പിന്നെയും പറഞ്ഞു.
- അവൻ കുട്ട്യല്ലെ അമ്മേ.. ശര്യാവും.
- ഓ കുട്ടീ... തലേലെടുത്തു വച്ചോ...
എച്മു പിറുപിറുത്തു.
കുറെക്കാലം കഴിഞ്ഞ് മകൻ അകത്തെ മുറിയിൽ കിടപ്പിലാവുന്നു. ഏതോ അപൂർവ്വ രോഗം. മരുന്നുകളും സ്വാന്തനവുമായി അയാളും ഭാര്യയും എപ്പോഴും അടുത്തുണ്ട്. മകന് വയസ്സ് ഇരുപത്തിനാല് ..
അവൻ്റെ അച്ചമ്മ മണ്ണിലേക്ക് മടങ്ങിയിരുന്നു. ഭാഗ്യത്തിന് അയാളെ വിധിവന്ന് തട്ടിയെടുത്തിട്ടില്ല. ഹൃദയത്തിന് അസ്കിതകൾ ഉണ്ടെന്ന് അറിഞ്ഞിട്ടുണ്ട്.
- അച്ഛാ... ഒന്നു വരൂ... എനിക്കൊന്നു തിരിഞ്ഞു കിടക്കണം.
മകൻ ദയനീയമായി വിളിക്കുകയാണ്. അയാൾ ഓടിച്ചെന്നു. മകനെ തിരിച്ചു കിടത്തി..
മകൻ പതിയെ പറഞ്ഞു.
- അച്ഛാ.. ഇന്നലെ സ്വപ്നത്തിൽ അച്ചമ്മ വന്നിരുന്നു... ഗോപാ.. എന്താ പറ്റീത് എന്ന് ചോദിച്ചു. കളിക്കാൻ പോയിട്ട് വീണോ അതോ .. വണ്ടീന്ന് വല്ലോം പറ്റ്യോന്ന് ചോദിച്ചു. അച്ചമ്മ എൻ്റെ കൈയ്യും കാലും മുഖോം നല്ലോണം തടവി..
മകൻ്റെ വാക്കുകൾ ഇടറി.. അയാൾ മകൻ്റെ നെറുകയിൽ വിരലോടിച്ചു.
- അച്ചമ്മ അപ്പഴും ഉപദേശിച്ചു. എന്തു കാര്യം ചെയ്യുമ്പഴും സൂക്ഷിക്കണ്ടെ ഗോപാന്ന് ചോദിച്ചു. അഹമ്മതി നിനക്കിത്തിരി കൂടുതലാന്നും പറഞ്ഞു... അമ്മേടെ തലമുടി ഇപ്പഴും പനങ്കുല പോല്യാ... ആ കണ്ണിന് നല്ല തെളിച്ചോം .... ഞാൻ അച്ചമ്മയെ എത്ര ചീത്ത പറഞ്ഞിട്ട് ള്ളതാ അച്ഛാ.....എന്നട്ടും അച്ചമ്മ...
മകൻ വല്ലാതെ കിതക്കാൻ തുടങ്ങി.
- സാരല്യാ.. അച്ചമ്മക്ക് നിന്നെ മനസ്സിലാവും...
അയാൾ മുണ്ടിൻ്റെ കോന്തല കൊണ്ട് കണ്ണുകൾ തുടച്ചു.
story
SHARE THIS ARTICLE