All Categories

Uploaded at 1 year ago | Date: 25/01/2023 09:48:45

കുട്ടികൾക്ക് ഒരു കഥ 

    *ശങ്കുണ്ണി മാമൻ* 

(വി.ആർ. നോയൽ രാജ്)

     കട്ടത്തുരുത്ത് ഗ്രാമത്തിലെ ശാന്തമായ നാട്ടുവഴികളിലൂടെ നടന്നു പോവുകയായിരുന്നു ശങ്കുണ്ണി.  അപ്പോഴാണ് തടാകത്തിനരികിൽ കുറച്ചു കുട്ടികൾ കളിക്കുന്നത് കണ്ടത്. ശങ്കുണ്ണിയെ കണ്ടപ്പോൾ കുട്ടികൾക്ക് കൗതുകമായി. "ശങ്കുണ്ണി മാമാ ശങ്കുണ്ണി മാമാ ഞങ്ങളുടെ കൂടെ കുറച്ചുസമയം കളിച്ചിട്ട് പോകാം."

 കുട്ടികളുടെ നിഷ്കളങ്കമായ ക്ഷണം കേട്ട് ശങ്കണ്ണി അവരുടെ അടുത്തേക്ക് ചെന്നു. കുറച്ചുസമയം അവരുടെ കൂടെ ആടുകയും പാടുകയും ചെയ്തു. അപ്പോഴേക്കും കുട്ടികൾ കഥ പറയാനായി നിർബന്ധിച്ചു.

" ശങ്കുണ്ണി മാമ ഞങ്ങൾക്ക് കഥകൾ പറഞ്ഞു താ, കാട്ടിലെ മൃഗങ്ങളുടെ കഥ "

 ശങ്കുണ്ണി സന്തോഷത്തോടെ കഥ പറയാൻ തുടങ്ങി. ഈ സമയത്താണ് അടുത്ത തടാകത്തിന് അരികിൽ നിന്ന് ഒരു നിലവിളി ശബ്ദം കേട്ടത്.

" അയ്യോ രക്ഷിക്കണേ രക്ഷിക്കണേ"

കുട്ടികൾ അങ്ങോട്ടോടി, കൂടെ ശങ്കുണ്ണിയും.  ഈ സമയം ഒരു കുട്ടി തടാകത്തിലെ വെള്ളത്തിൽ മുങ്ങുകയും പൊങ്ങുകയും ചെയ്യുകയായിരുന്നു. ശങ്കുണ്ണി വേഗം തന്റെ കഴുത്തിൽ കിടന്നിരുന്ന മുണ്ടെടുത്ത് തടാകത്തിലേക്കിട്ടു. ആ കുട്ടി അതിൽ പിടിച്ച് മെല്ലെ മുകളിലേക്ക് വന്നു.  അടുത്തെത്തിയപ്പോൾ ശങ്കുണ്ണി കൈ പിടിച്ച് പൊക്കി അവനെ കരയിലെത്തിച്ചു.  കുറച്ചു വെള്ളം കുടിക്കുകയും പരിഭ്രമിക്കുകയും ചെയ്തതല്ലാതെ മറ്റ് അപകടം ഒന്നുമുണ്ടായില്ല. കുട്ടികൾ കൂട്ടം കൂടി കളിച്ചു നിൽക്കുമ്പോൾ അത്തിപ്പഴം പറിക്കാൻ പോയിരുന്നവനാണ് കാൽതെറ്റി വെള്ളത്തിലേക്ക് വീണത്.

" ശങ്കണ്ണി മാമൻ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നതുകൊണ്ട് അവന് അപകടം ഒന്നും പറ്റിയില്ല."

 കുട്ടികൾ എല്ലാവരും ചേർന്ന് ശങ്കുണ്ണിയെ സ്നേഹം കൊണ്ടു പൊതിഞ്ഞു.

 ശങ്കുണ്ണി പിരിഞ്ഞുപോകുമ്പോൾ കുട്ടികൾ ഒന്നടങ്കം പറഞ്ഞു 

"ഇടക്കൊക്കെ ഞങ്ങളുടെ കൂടെ കളിക്കാൻ വരണേ ശങ്കുണ്ണി മാമാ''

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.