കഥ:
ഓർമ്മകൾ പൂക്കുന്നൊരിടം.
---------------------------------
'കാ... കാ'
മുറ്റത്ത് കാക്കകൾ ഒച്ചവച്ചുകൊണ്ടിരുന്നു.
"നാശം. അവറ്റകളെ ഓടിച്ചുകള."
അച്ഛൻ പറഞ്ഞത് കേട്ട് കുട്ടി കല്ലെടുത്ത് എറിഞ്ഞെങ്കിലും കാക്കകൾ മാവിൻ കൊമ്പത്ത് ചെന്നിരുന്ന് 'കാ... കാ' ന്ന് പിന്നേയും ബഹളം വച്ചുകൊണ്ടിരുന്നു.
"ഒന്നും പോണില്ല."
കുട്ടി വീട്ടിനകത്തേക്ക് നോക്കി പറഞ്ഞു.
"ആരെങ്കിലും വിരുന്ന് വര്ണുണ്ടാവും."
അമ്മയുടെ ശബ്ദം അടുക്കളയിൽ നിന്നുയർന്നു.
" ഇത് അതൊന്നല്ല. ശബ്ദം കേട്ടാ അറിഞ്ഞൂടെ? എറിഞ്ഞോടിക്കൊന്നും വേണ്ട. മോനതില് ബലിക്കാക്ക ഉണ്ടോന്ന് നോക്ക്യേ. "
അച്ഛമ്മയുടെ ശബ്ദവും കേട്ടു.
"കുറേ കാക്കിണ്ട്. അതില് ബലിക്കാക്കയെ എങ്ങിനാ തിരിച്ചറിയാ അച്ഛമ്മേ."
കുട്ടിക്ക് സംശയം.
"മുഴുവൻ കറുപ്പ് നിറായിട്ട്. വല്ല്യേ കാക്ക."
അച്ഛമ്മ വ്യക്തമാക്കിക്കൊടുത്തു.
"ആ അച്ഛമ്മേ... കുറേ അതന്യാ."
"ഇപ്പൊ വീതുവെപ്പും ഒന്നും ഇല്ലാലൊ... കുറേ നാളോണ്ട് പറയണതാ കാർന്നോമാർക്ക് എന്തെങ്കിലും ചെയ്യണംന്ന്."
അച്ഛമ്മ കാക്കകൾ ഒച്ചവെക്കുന്നതിന്റെ കാരണം കണ്ടുപിടിച്ചു.
കുട്ടിക്ക് ഒന്നും മനസ്സിലായില്ല. അവൻ അച്ഛമ്മയുടെ അടുത്ത് വന്നിരുന്നു.
"എന്തൂട്ടാ ഈ അച്ഛമ്മ പറയണത്."
"മരിച്ചുപോയോരെ വല്ലപ്പോഴെങ്കിലൊന്ന് ഓർക്കണംന്ന് പറയാ. അവരെക്കുറിച്ച് ഒരു വിചാരോം ആരുക്കില്ല്യ. ആദ്യൊക്കെ വീട്ടിലെന്തെങ്കിലും വിശേഷപ്പെട്ടത് ഉണ്ടാക്ക്യാല് വീത് വച്ചെടുത്തതിനു ശേഷേ മറ്റുള്ളോര് കഴിക്കൊള്ളു. ഇപ്പതൊക്കെ മറന്നു. ഒന്നും ഇല്ലാണ്ടായി."
പറഞ്ഞു കഴിഞ്ഞതും അച്ഛമ്മ നെടുവീർപ്പിട്ടു.
"അപ്പൊ മരിച്ചു പോയോരാണോ കാക്കായിട്ട് വരണത് അച്ഛമ്മേ? അപ്പൊ അതില് അച്ഛാച്ചനുണ്ടാവും ല്ലേ? അച്ഛമ്മനെ കാണാൻ വരണതായിരിക്കും."
അതിന് അച്ഛമ്മ മറുപടിയൊന്നും പറഞ്ഞില്ല. ആ കണ്ണുകൾ നിറയുന്നത് കുട്ടി കണ്ടു. അങ്ങനെ പറയേണ്ടിയിരുന്നില്ല. അച്ഛമ്മക്ക് വിഷമായിക്കാണും. കുട്ടിയുടെ മനസ് വേദനിച്ചു.
"ഞാൻ വെറുതെ പറഞ്ഞതല്ലേ. അച്ഛമ്മക്ക് വെഷമായാ "
കുട്ടി അച്ഛമ്മയെ സമാധാനിപ്പിച്ചു.
"പഴേ കാലങ്ങളോർത്ത് പോയതാ...മോൻ പോയി കളിച്ചോ."
വർഷങ്ങൾ ഏറെ കടന്നുപോയി. കുട്ടി വലുതായി അവനും കുട്ടികളായി. ഇന്നവിടെ അച്ഛമ്മയില്ല. അച്ഛനും അമ്മയുമില്ല. അവരെല്ലാം ഓർമ്മകളിൽ മാത്രമായി. പഴയ ആ വീടും കാടുപിടിച്ചു കിടക്കുന്ന പറമ്പും അനാഥമായി കിടക്കുകയാണ്.
അയാൾ വീണ്ടും ആ വീട്ടിലേക്കെത്തി. തനിക്കുവേണ്ടി കാത്തിരിക്കുവാൻ ആരുംതന്നെ അവിടെയില്ലെന്നറിയാം. എങ്കിലും ടൗണിലെ ഫ്ലാറ്റിൽ നിന്ന് തിരക്കിനിടയിലും സമയം കണ്ടെത്തി വല്ലപ്പോഴും അവിടേക്കെത്തുന്നു.
"ആ വീടും പറമ്പും വിറ്റൂടെ. എന്തിനാ വെറുതെ നോക്കാനാളില്ലാതെ അങ്ങനെ ഇട്ടിരിക്കുന്നത്. നമ്മളാ കുഗ്രാമത്തിലൊന്നും പോയി താമസിക്കാൻ പോണില്ലല്ലോ."
പലപ്പോഴും ഭാര്യയും വേണ്ടപ്പെട്ടവരും നിർബന്ധിപ്പിക്കുമ്പോഴും അയാളുടെ മനസ്സിൽ അങ്ങനെയൊരു തീരുമാനം ഒരിക്കലും ഉണ്ടായിട്ടില്ല.
തനിക്ക് വേണ്ടപ്പെട്ടവരൊക്കെ ജീവിച്ചുതീർത്ത ഇവിടേക്ക് വരുമ്പോൾ മറക്കാനാവാത്ത അവരുടെ ഓർമ്മകൾ കൂട്ടിനെത്തുന്നു. അവരുടെ സാമീപ്യം തിരിച്ചറിയുന്നു. അതിനുവേണ്ടി മാത്രമാണ് ഇത്രയും ദൂരംതാണ്ടി വരുന്നത് തന്നെ. വല്ലപ്പോഴും അവർക്ക് വേണ്ടി കുറച്ചു സമയം മാറ്റിവെക്കുക. അതയാളുടെ ഉറച്ച തീരുമാനമായിരുന്നു. താമസിയാതെ ഇവിടെത്തന്നെ വീട് വച്ചു താമസമാക്കണമെന്നതും.
യാത്രചെയ്തു ക്ഷീണിതനായ അയാൾ മുറ്റത്തെ മാവിൽ തണലിൽ കുത്തിയിരുന്നു.
അന്നേരം മാവിൻ കൊമ്പത്തിരുന്ന് കാക്കകൾ ഒച്ചവക്കുന്നുണ്ടായിരുന്നു.
------------------------------
സുനിൽ വേളേക്കാട്ട്.
story
SHARE THIS ARTICLE