All Categories

Uploaded at 1 day ago | Date: 30/08/2025 22:52:11

കവിത 

           അനാദിയിലേക്ക് 

നീ... നീയിന്നും എന്നിൽ നിറയുന്നു പ്രിയനേ....
എന്റെ മിഴികളിൽ പടരുന്ന നിറനിലാവായ്...
എന്റെ ജാലകങ്ങൾക്കപ്പുറത്തു 
പെയ്തമർന്നു തീരാത്ത രാത്രി മഴയായ് 
എന്റെ ഹൃദയ പിന്നാമ്പുറങ്ങളിലെ...
ഇലത്താളങ്ങളിൽ  അനുനാദമായി..

എന്റെ...
എന്റെ ഉടൽ വഴികളിൽ... ഞരമ്പുകളിൽ ത്രസ്സിക്കുന്ന തീവ്ര ജീവ  സ്പന്ദനമായ്‌...

പ്രകാശ വർഷങ്ങൾക്കുമപ്പുറത്തേയ്ക്ക്..
സൂര്യ തേജസ്സായ്‌ ഒരു നാൾ നീ മാഞ്ഞു  പോയെങ്കിലും പ്രിയനേ 

നിന്നോർമകളിൽ...
നിന്നിൽ... കിതച്ചുണരുന്നു  എന്റെ ഇരവുകൾ..
കത്തിയാളി പടരുന്നു ജ്വാരാഗ്നി ജ്വാലകൾ..
എന്റെ നിശ്വാസങ്ങളിൽ...

ആ അഗ്നി ചിറകുകളിലേറി 
പായുന്നു പ്രിയനേ
എന്റെ പ്രേമ വിഹ്വലതകൾ.. ഭ്രാന്തൻ സ്വപ്‌നങ്ങൾ....
അന്തമെഴാത്ത ദൂരങ്ങൾ താണ്ടി...

പിന്നെ കൊടിയ നോവിന്റെ മുനമ്പിൽ ഏകയായ് ബോധമബോധങ്ങളറിയാതെ..
ഉഴറിയെന്നാത്മാവ് പിടയുമ്പോൾ..
പ്രിയനേ..

അസ്തമയത്തിന്റെ അഗാധ താഴ്‌വാരങ്ങളിൽ നിന്നും ഉയർന്നു വരുന്നു നിൻ ഇരുകരങ്ങൾ

നിന്റെ രക്തവർണ്ണ മാർന്ന മാറിലേയ്ക്ക് ചായുന്നു..... അമരുന്നു..
എന്റെ പ്രാണന്റെ സർവ്വ തന്തുക്കളുമൊന്നായ്...

അവിടെ...
അവിടെ നമ്മൾ..
ഒരേ തിരയായ്
ഒരേ ചെന്നിറമായ്...
ഒരേ ചെങ്കടലായ്..
മാറുന്നു... മറയുന്നു...
അനാദിയിലേയ്ക്കു...

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.