കവിത:
ഭൂമിയ്ക്കു വെളിയിലേക്കു തുറക്കുന്ന ജാലകങ്ങൾ :
ദിപു ശശി തത്തപ്പിള്ളി
--------................. ----
ഏറെ നാളത്തെ ശ്രമങ്ങൾക്കൊടുവിലാണ്;
ഭൂമിയ്ക്കു വെളിയിലേക്കു മാത്രം തുറക്കാൻ കഴിയുന്ന,
ഒരു ജാലകം ഞാൻ സ്വന്തമാക്കിയത്....!
ആ ജാലകപ്പടിയിലിരുന്ന്,
പകൽ മഴയിൽ ഓർമ്മത്താളുകളെ കഴുകിയുണക്കുമ്പോഴാണ്,
കാറ്റിലൂടെ പറന്നു വന്ന ,
നരച്ചു പിഞ്ഞിയ ഒരു ഹൃദയം എന്നോടുചോദിച്ചത്.!
"ഓർക്കുന്നുവോ, എന്നെ ?"
പണ്ടൊരിക്കൽ എന്നിൽ നിന്നും ചീന്തിയെറിഞ്ഞ ഹൃദയമാണതെന്നറിഞ്ഞിട്ടും,
ഞാൻ നിശ്ശബ്ദത പാലിച്ചു......!
എന്റെ നിസ്സംഗതയിൽ
നൊന്തിട്ടാവണം;
ജനാലകൾക്കക്കരെ ചാഞ്ഞു -
വീഴുന്ന മഴനാരുകൾക്കിടയിലേക്ക് ,
വിണ്ടുകീറിയ ഹൃദയം,
ചേർന്നലിഞ്ഞലിഞ്ഞില്ലാതായത്....!
അന്നു രാത്രി,
നിലാവിന്റെ കൈയ്യും പിടിച്ച്,
ജാലകപ്പടിയിലേക്കു വന്ന, സൗരഭ്യം,
എന്നോടു ചോദിച്ചു:
"അറിയുമോ, എന്നെ ?"
ഒരിക്കലെന്റെ സിരാ ധമനികളെയൊട്ടാകെ,
അത്രമേൽ ഭ്രമിപ്പിച്ചുണർത്തിയ
ഗന്ധമാണതന്നെറി ഞ്ഞിട്ടും ;
ഞാൻ മുഖം തിരിച്ചു...!
എന്റെ നിർവികാരതയിൽ, വിതുമ്പലമർത്തി;
ആ സുഗന്ധധൂളികൾ,
നിലാവിനപ്പുറം തിളച്ചുമറിയുന്ന,
കൂരിരുട്ടിലേക്ക് ഊളിയിട്ടു....!
വേരറ്റ വൻമരങ്ങളായി, കുറേയേറെ നിലവിളികൾ,
ഇനിയുമെന്നെത്തേടി യെത്തുമെന്നുറപ്പുള്ളതിനാൽ;
ഞാനീ ജാലകപ്പാളികൾ; എന്നേയ്ക്കുമായി,
അടച്ചു തഴുതിടട്ടെ....!
*******----********-
peoms
SHARE THIS ARTICLE