ഓർമ്മച്ചെപ്പ് 16.
"പൊട്ടിക്കൽ മത്സരം"
മോഹൻ ചെറായി.
നാട്ടിൽ ക്രമമായ പുരോഗതികൾ
വന്നുകൊണ്ടേയിരുന്നു . പണ്ട് ,
അഞ്ചലോട്ടക്കാരൻ തന്റെ അഞ്ചൽ ഭാണ്ഡവുമായി, കയ്യിൽ താഴെയറ്റം കൂർത്ത, മുകളിൽ മണികൾ തൂക്കിയിട്ടു കിലുക്കുന്ന ഒരു ഇരുമ്പുകമ്പിയും കുത്തിപ്പിടിച്ചു കൊണ്ട് ഓടിയിരുന്ന അഞ്ചൽ മാറി തപാൽ വന്നു. (അഞ്ചലോട്ടക്കാരനെ ആരും തടയാൻ പാടില്ലെന്നും, തടയുന്നവരെ കയ്യിലുള്ള കമ്പി കൊണ്ടു കുത്താൻ അയാൾക്കു അധികാരമുണ്ടെന്നും ചെറുപ്പത്തിലേ ഞാൻ കേട്ടിരുന്നു. അതുകൊണ്ട് ആ പാവം എന്നെ നോക്കി ചിരിച്ചപ്പോൾ അഞ്ചലോട്ടക്കാരൻ എന്നെ കുത്തിയാലോ എന്നു ഞാൻ പേടിക്കയുംചെയ്തിരുന്നു.) അയാൾ ഓടിയിരുന്ന ചെമ്മൺ റോഡുകൾ മെറ്റലിട്ടു ഗതാഗതയോഗ്യമാക്കി.
കൽക്കരി ഉപയോഗിച്ച് പ്രവർത്തിച്ച
റോഡ് റോളർ വന്ന് ചെമ്മൺ റോഡു വീതി കൂട്ടി മെറ്റൽ ഇട്ട് , വാട്ടർ റോളിംഗ് നടത്തി സുന്ദരമാക്കി .
അതിലൂടെ വൈപ്പിനിൽ നിന്ന്
പള്ളിപ്പുറത്തേക്ക് ആദ്യമായി
'കോമത്ത് 'എന്ന് പേരുള്ള ഒരു ചെറുമൂക്ക് (ബോണറ്റ്) ഉള്ള ഒരു ബസ്സ് , സർവ്വീസ് നടത്തി. ഇതു കൂടാതെ പ്രകൃതി തന്നെ ഞങ്ങളുടെ നാട്ടിൽ മാറ്റത്തിന്റെ നാന്ദി കുറിച്ചു.
പുതുവൈപ്പ് എന്ന വളരെ വലിയ ഒരു ഭൂപ്രദേശം കടൽ പിൻവാങ്ങി കരയായി. അത് കാണാനായി രണ്ടു സൈക്കിളുകൾ വാടകക്കെടുത്ത് ഞാനും ശ്രീനിവാസനും പുതുവൈപ്പ് വരെ പോയ കാര്യം ഞാൻ ഇന്നും ഓർക്കുന്നു ....
ഞങ്ങൾ ചെല്ലുമ്പോൾ,നോക്കെത്താ ദൂരത്ത് കറുത്ത ചളിക്കട്ടയും എക്കലും കൊണ്ട് പുതിയ ഒരു കര രൂപം കൊണ്ടിരിക്കുന്നു. ! പലരും ചെറു വേലികൾ കെട്ടി അതു സ്വന്തമാക്കാനുള്ള തത്രപ്പാടിലാണ് .
ഇന്ന് കോടികൾ വിലപിടിപ്പുള്ള ആ ഭൂപ്രദേശം ഏതാണ്ടു മുഴുവൻ തന്നെ ആളുകൾ കയ്യേറിയെന്നു കേട്ടു.
കുഴുപ്പിള്ളിക്കാർക്ക് ആകെ ആശ്രയമായ വിൻസെൻറ് ഡീപോൾ ഡിസ്പെൻസറി , പുതിയ കെട്ടിലും മട്ടിലും ആശുപത്രിയായി....(ആശുപത്രിയാകുന്നതിനും ഏറെ
മുമ്പേ നാടകത്തിലേക്കുള്ള എന്റെ
അരങ്ങേറ്റം നടന്നു. അതു പിന്നാലെ പറയാം.)
അക്കാലത്ത് ആഘോഷങ്ങളെല്ലാം
എല്ലാവരുടേതും ആയിരുന്നു .
കുഴുപ്പിള്ളി പള്ളിയിലെ പെരുന്നാളും
പള്ളത്താംകുളങ്ങര ക്ഷേത്രത്തിലെ ഉത്സവവുമെല്ലാം എല്ലാ നാട്ടുകാരും സഹകരിച്ചാണ് നടത്തിയിരുന്നത് .
പള്ളത്താം കുളങ്ങര ദേവി ക്ഷേത്രത്തിലേക്ക് ഉത്സവത്തിനു പോകുന്നവർക്ക് , പൊരിവെയിലിൽ ദാഹം അടക്കാൻ തോട്ടുപുറം വീടിന്റെ മുൻപിൽ മോരും വെള്ളം കൊടുത്തിരുന്നത് മറക്കാനാവാത്ത ഓർമ്മയാണ് .
കൂട്ടത്തിൽ രസകരമായ
മറ്റൊന്നാണ് , ജാതിയും മതവും രാഷ്ട്രീയവും എല്ലാം മാറ്റിവക്കുന്ന
ഒരുദിവസം കൊണ്ടാടിയിരുന്നത് .
ഒരു തോടിന് ഇരുവശവും ആണെ ങ്കിലും അയ്യമ്പിള്ളിയിലെയും കുഴുപ്പിള്ളിയിലെയും ജനങ്ങൾ ഏകോദര സഹോദരന്മാരെ പോലെ ആണ് ജീവിച്ചു കൊണ്ടിരുന്നത് .
ഒരു ദിവസം മാത്രം ഞങ്ങളതൊന്നു
മാറ്റിവക്കും. വിഷുകഴിഞ്ഞ് ,പത്താം നാൾ ! അന്ന്, അയ്യമ്പിള്ളിക്കാരും കുഴുപ്പിള്ളിക്കാരും മാത്രമായി മാറി , രസകരമായി പോരടിക്കുന്ന ഒരു ദിവസമാണ് പത്താമുദയം നാൾ !
ആ ദിവസം ഉച്ചയൂണു കഴിഞ്ഞ് ഇരുഭാഗത്തുമുള്ള കുട്ടികൾ കരയുടെ അതിർത്തിയായ തോടിന്റെ ഇരുകരകളിലും നിലയുറപ്പിക്കം. ഈർക്കിൽ പടക്കം പൊട്ടിച്ചാണ് അത് ആരംഭിച്ചിരുന്നത്:
" പടക്കം പൊട്ടിക്കൽ മത്സരം".
ആരുടെ ഭാഗത്തെ പടക്കമാണോ ആദ്യംതീരുന്നത് , അവരുടെ നേരെ
എതിർഭാഗം ജൈത്രയാത്ര നടത്തും.
"തോറ്റേ തോറ്റേ അയ്യമ്പിള്ളി തോറ്റേ" എന്നോ അല്ലെങ്കിൽ ,
"തോറ്റേ തോറ്റേ കുഴുപ്പിള്ളി തോറ്റേ" എന്നോ പറഞ്ഞ് സംഘം ചേർന്ന്
കളിയാക്കിക്കൊണ്ട് ഒരുതരം തുള്ളി ചാടൽ പ്രകടനത്തോടെ മദ്ധ്യേയുള്ള
പാലം കടന്നാണ് ജൈത്രയാത്ര.
തങ്ങളുടെ വശത്തേക്കു കടന്നുള്ള ഈ പ്രകടനം കാണുമ്പോൾ മറുവശം ഇല്ലാത്ത കാശുണ്ടാക്കി എവിടെ
നിന്നെങ്കിലും , പൈസ കടംവാങ്ങി പോലും പടക്കം വാങ്ങി കൊണ്ടു വന്ന് പൊട്ടിക്കും! അപ്പോഴേക്കും ഇപ്പുറത്തെ തീർന്നിട്ടുമുണ്ടാകും. ഉടനെ എതിർകക്ഷികൾ മറുഭാഗം കാണിച്ച അതേ ആവേശത്തോടെ ഒരുപക്ഷേ അതിനേക്കാൾ അല്പം കൂടുതൽ ആവേശത്തോടെ തുള്ളിച്ചാടി വെല്ലുവിളിച്ചുകൊണ്ട് പാലത്തിലൂടെ മറുവശം വരെ ചെന്ന് തിരിച്ചുപോകും. ഒരു പടക്കം പൊട്ടിച്ചിട്ട്, 'അയ്യമ്പിള്ളിക്കാരില്ലേടാ...'
എന്നുള്ള കുഞ്ഞു തൊണ്ടയുടെ
അലർച്ച കാതിലിപ്പോഴം മുഴങ്ങുന്നു!
വൈകുന്നേരം മുതിർന്നവർ ഇതിൽ കക്ഷികൾ ആകും. അതോടെ പടക്കം പൊട്ടിക്കൽ മത്സരത്തിന്റെ സ്വഭാവംതന്നെ മാറും.
അയ്യമ്പിള്ളിയെ കുറ്റം പറയുന്നത്
അയ്യമ്പിള്ളിക്കാർക്കു വിഷമം ഉണ്ടാക്കുന്നു., കുഴുപ്പിള്ളിയെ കുറ്റം പറയുന്നത് കുഴുപ്പിള്ളിക്കാർക്കും !പിന്നെ അത് ഒരഭിമാന പ്രശ്നം ആവുകയായി...... കരയുടെ മാനം രക്ഷിക്കാൻ പൈസ മുടക്കി
ഓലപ്പടക്കങ്ങൾ, ഗുണ്ടുകൾ ഏറു പടക്കങ്ങൾ, പലതരം വാണങ്ങൾ പൂത്തിരികൾ, പലവർണ്ണങ്ങളിലുള്ള മത്താപ്പുകൾ ഒക്കെയായി അരങ്ങു
കൊഴുപ്പിക്കുകയായി. കാണികളെ
ഹരം പിടിപ്പിക്കുന്ന രസകരമായ
ഒരു അനുഭവമായി ഇതു വളരുന്നു.
പ്രൊഫഷണലുകളെ കൊണ്ടുവന്നു അമിട്ടും ഡൈനിമിററും വരെ ഉൾപ്പെടുത്തി മത്സരം നടക്കുന്ന രീതിയിലേക്കു വരെ അതു വളർന്നു.. ഏതാണ്ട് പാതിരാത്രി വരെയും ഇതു തുടരും .ഇത് കാണാൻ വേണ്ടി മാത്രം പലപ്പോഴും വൈപ്പിൻ കരയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ ഇവിടെയെത്തി ഒരു ഉത്സവപ്രതീതി തന്നെ ജനിപ്പിച്ചിരുന്നു. പിൽക്കാലത്ത് ഓണക്കളി പോലുള്ള നാടൻ കലാരൂപങ്ങൾ
വിസ്മൃതിയിലേക്കു മറഞ്ഞപോലെ ഈ പടക്കം പൊട്ടിക്കൽ മത്സരവും ശുഷ്ക്കിച്ച് ഇല്ലാതായി. ഇപ്പോൾ , പഴയ ആരെങ്കിലും പറഞ്ഞാൽ മാത്രം ഓർക്കും വിധം അതു തീർത്തും മറവിയിലേക്കു മാഞ്ഞു മറഞ്ഞു കഴിഞ്ഞിരിക്കുന്നു .........
_____________________________________
kerala
SHARE THIS ARTICLE