മിനിക്കഥ -
കുഞ്ഞുങ്ങൾ -
✍️ ഉണ്ണി വാരിയത്ത്
വിവാഹം കഴിഞ്ഞ് മൂന്നാം മാസത്തിൽത്തന്നെ അവൾ ഗർഭിണിയായി. ഭർത്താവ് സന്തോഷിച്ചു. പക്ഷേ, ഒരു കുഞ്ഞ് ഉടനെ വേണ്ടായിരുന്നു അവൾക്ക്.
ഭർത്താവ് ഉദ്യോഗസംബന്ധമായി വിദേശത്തേക്ക് യാത്ര പോയപ്പോൾ അവൾ പരിചയക്കാരിയായ ഒരു ഡോക്ടറെ സമീപിച്ച് ഗർഭഛിദ്രം നടത്തി. കുളിമുറിയിൽ കാൽ വഴുതി വീണെന്നും, രക്തസ്രാവവും ഗർഭഛിദ്രവും ഉണ്ടായെന്നും, അവൾ ഭർത്താവിനെ തെറ്റിദ്ധരിപ്പിച്ചു.
കാലം കുറെ കഴിഞ്ഞിട്ടും വീണ്ടും അവൾക്ക് ഗർഭം ധരിക്കാൻ കഴിഞ്ഞില്ല. ക്രമേണ, വിഷാദവതിയായി, മനസ്സാക്ഷിക്കുത്ത് താങ്ങാനാകാതെ അവൾ ഭർത്താവിനോട് സത്യം വെളിപ്പെടുത്തി പൊട്ടിക്കരഞ്ഞു.
അയാൾ ഞെട്ടിത്തരിച്ചുപോയി. പക്ഷേ, വൈകിയെങ്കിലും രഹസ്യം തുറന്നു പറഞ്ഞ അവൾക്ക് അയാൾ മാപ്പു കൊടുത്തു.
ആ വീട്ടിൽ ഇപ്പോൾ രണ്ടു കുഞ്ഞുങ്ങളുണ്ട്. അവളുടെ കുഞ്ഞായി അയാളും, അയാളുടെ കുഞ്ഞായി അവളും!
story
SHARE THIS ARTICLE