All Categories

Uploaded at 3 days ago | Date: 09/09/2025 16:38:52

കവിത: 

ചുവന്ന പാട്ടുകൾ

ദിപു ശശി തത്തപ്പിള്ളി
..............................

ഭൂമിയിലെ അവസാന പച്ചത്തളിർച്ചൂരും,
ദിക്കറിയാതെ, എങ്ങോട്ടോ പറന്നുപോയപ്പോഴാണ്; 
ആകാശത്തു നിന്നും- 
ഒരു മരഗോവണി താഴേക്കൂർന്നത് ....!
 ഹരിതകണങ്ങളാലലംകൃതമായ,
ഗോവണിപ്പടവുകളിൽ;
പണ്ടെന്നോ തുടികാട്ടിയാഴുകിയ
കാട്ടാറുകൾ പുളച്ചു മദിച്ചു.. !

ഉണങ്ങി മെല്ലിച്ച കാടകങ്ങൾ തെഴുത്തു വളർന്നു... !

തേക്കുപ്പാട്ടിന്നീണങ്ങളിൽ;
കലപ്പകൾ കലമ്പാൻ തുടങ്ങി...!

ഭൂതകാലക്കുളിർ വീണ്ടെടുത്ത്,
കിളിപ്പാട്ടുകൾ ചിറകുവിടർത്തി...!!

അന്നേരമാണ്…;
ഉറവക്കിടാങ്ങളെത്തേടി,
ഉച്ചക്കടലാഴങ്ങളിലേ - ക്കൂളിയിട്ടവർ,
തിരമാലത്തുഞ്ചത്തു നിന്നും;
മൺകുടുക്കയിൽ ചുവപ്പിന്റെ വിത്തുകളുമായി
ഗോവണി കയറാൻ തുടങ്ങിയത്…!

അനന്തരം.., 
ഊഷരതയുടെ നിഗൂഢ ഞരമ്പുകളിൽ നിന്നും,
ഉയിർപ്പിന്റെ നാമ്പുകൾ പൊട്ടിവിടർന്നു.. !

ചക്രവാളങ്ങളെ ചുവപ്പിച്ച് ചുവപ്പിച്ച്;
കനൽ വഴികൾ പിന്നിട്ട
ഗാഥകൾ;  
ഗഗനവിതാനങ്ങളിലേക്ക്,
തലപ്പുകൾ നീർത്തി -
മണ്ണിന്റെ ഹൃദയമിടിപ്പുകൾ
പകർന്നു കൊണ്ടേയിരുന്നു..!

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.