“
കവിത
-മഹാബലിക്കായ്-
കൈരളിക്കുത്സവം വന്നണഞ്ഞു
കോകിലനാദമുയർന്നുപൊങ്ങി
കതിരവൻ പൊൻ വല നെയ്തെറിഞ്ഞു
കരയാകെ മിന്നിത്തിളങ്ങി നിന്നു
പൊന്നാട ചാർത്തിയ വയലേലകൾ
പൊന്നോണപ്പുലരിയെ നമിച്ചു നിന്നു
തിങ്കൾക്കല തൂകിയ വെൺ മന്ദഹാസം
തുമ്പ തൻ തുഞ്ചത്തായ് തങ്ങി നിന്നു
മഴവില്ലിൻ അഴകുകൾ ഒഴുകിപ്പരക്കവെ
മുറ്റത്തും തൊടിയിലും പുളകമായീ
താരകളൊന്നൊന്നായ് മന്നിലിറങ്ങി
മുക്കുറ്റിത്താലത്തിൽ മിന്നി നിന്നു
നന്മകൾ നെന്മണി ചെപ്പിലൊലിച്ചും
മണ്ണിന്നാഴത്തിൻ പുണ്യം നിറച്ചും
കായ് ഫലമെല്ലാം മൂത്തു പഴുത്തും
കേരള നാട്ടിൽ മോദം നിറച്ചു
ഉള്ളത്തിൽ കള്ളം ഒഴിഞ്ഞവരെല്ലാം
ഊഞ്ഞാലിലാടി രസിച്ചിടുന്നു
മാവേലി മന്നനെ വരവേൽക്കുവാനായ്
മാലോകരെല്ലാമൊരുങ്ങി നിന്നു .
( മേരി തോമസ്)
peoms
SHARE THIS ARTICLE