All Categories

Uploaded at 9 months ago | Date: 15/07/2023 14:53:03

യക്ഷി
********

ആരിവൾ, സ്വാർത്ഥ നി-
ലവറക്കുള്ളിലാ-
യാർത്തിപ്പെരുമ്പാ-
മ്പിനാൽ ചുറ്റിയാളുന്ന
കൂരിരുൾ കാട്ടിലെൻ
ജീവ ചൈതന്യത്തെ
ബന്ധിച്ചു, ദംഷ്ട്രകൾ
കുത്തിയൂറ്റം രക്ത-
പാനം നടത്തി മൃതി -
മൂർച്ചയാലെൻ കണ്ഠ-
നാളം മുറുക്കിയനു-
ഭൂതിയാലാർത്തവൾ!

നെഞ്ചിന്നകത്തും
പുറത്തും കൊളുത്തിയ
തീച്ചൂട്ടുമായി -
ട്ടിടം വലം താണ്ഡവ
നർത്തനദണ്ഡന -
ത്താലട്ടഹാസത്തിൻ
മിന്നൽപ്പിണരുമായ്
കീറി മുറിച്ചവൾ!

നിത്യം ശരീരത്തെ
ഭേദിച്ചു തിന്നവൾ!
നേരം മുഴുക്കെയും
ഭോഗിച്ചു മാഞ്ഞവൾ!

എത്ര കിനാവുകൾ ,
വർണ്ണങ്ങൾ മൊട്ടിട്ടു
പൂവിട്ടൊരേകാന്ത -
യാന മാർഗ്ഗങ്ങളി-
ലൂർജ്ജം തിരഞ്ഞു
നടന്നു പോകുന്നേരം
തൽക്ഷണമെല്ലാമൊ-
രൊറ്റ ക്കുതിപ്പിനാൽ
കൊട്ടിയടച്ചവൾ!
ഉഗ്രമാം രൂപിണി!
നിഷ്കാമരഥ്യയിൽ
സൂക്ഷിച്ചൊരുണ്മയാം
പാനപാത്രത്തേയും
മുച്ചോടുടച്ചവൾ!

ആശിച്ച സ്വപ്നങ്ങ -
ളൊക്കെ ബലി നൽകി
അഞ്ചിന്ദ്രിയങ്ങളും
നേർച്ചക്കുവച്ചു ഞാൻ!
ആറാത്ത നോവിൻ്റെ -
യസ്ഥിയിൽ പൂത്തൊരു
പ്രേമാർദ്രപല്ലവ
സൂനവും നീട്ടി ഞാൻ!

ഭിക്ഷുവായ് നിന്മുന്നി-
ലുൾത്താപമൊക്കെയും
വറ്റിച്ചുമെന്നുടൽ
സ്വീകരിച്ചീടുവാൻ
യാതൊരു പോറലു-
മേൽക്കാത്ത വാക്കായി
നിന്നെപ്പുണർന്ന
നിമിഷങ്ങൾ മോന്തുക!

അഗ്നിയിൽ വെന്തു -
കരിഞ്ഞു വേർപെട്ടതാം
മാംസപിണ്ഡങ്ങളാ-
യെന്നെ ഭുജിക്കുക!

പെട്ടെന്നു വേഗം
നിലച്ചൊരു താളമാ-
യെന്നെ നീ ശൂന്യാ ഭി -
ഷിക്തനാക്കീടുക!

ഭഗ്നമാമെന്ന നു -
രാഗ മരന്ദ ങ്ങൾ
ഭിന്നങ്ങളാക്കി നീ -
യു ന്മാദിയാവുക!

അഷ്ടബന്ധങ്ങളാൽ
നിന്നെ പ്രതിഷ്ഠിച്ച
ഹൃത്തടം നൂറു 
ഖണ്ഡങ്ങളാക്കീടുക!

മിന്നി മറഞ്ഞതാം
കാഴ്ചയിൽ നീ വന്നൊ-
രവസാന ദർശനം
തിരികെയെടുക്കുക!

അന്ത്യത്തിൽ ബാധ -
യൊഴിഞ്ഞൊരു കാലത്തിൻ
പാലയിൽ ഞാനൊരു
പൂവായ് വിടർന്നോട്ടെ!

ഇ.വി.സുജനപാൽ

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.